Friday, May 17, 2024
keralaNewsObituary

കന്യാസ്ത്രീ പാറമടയില്‍ മുങ്ങിമരിച്ച നിലയില്‍.

കൊച്ചിയില്‍ കന്യാസ്ത്രീ പാറമടയില്‍ മുങ്ങിമരിച്ച നിലയില്‍. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജെസീനയെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍വെന്റ് വളപ്പിനടുത്തുളള മൂലേപ്പാടം ക്വാറിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രാവിലെ തലവേദനയാണെന്ന് പറഞ്ഞ സിസ്റ്റര്‍ ജെസീന പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നില്ല. രാവിലെ 10.30 വരെ സിസ്റ്റര്‍ ജെസീന കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായും മറ്റ് സിസ്റ്റര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെ പാറമടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി കീരിത്തോട് കുരിശുമൂട്ടില്‍ തോമസിന്റെയും മോണിക്കയുടെയും മകളാണ് സിസ്റ്റര്‍ ജെസീന. 26 വര്‍ഷം മുന്‍പാണ് കന്യാസ്ത്രീയായത്. തുടര്‍ന്ന് 2018 മുതല്‍ വാഴക്കാല കോണ്‍വെന്റിലാണ് താമസം. 2012 മുതല്‍ ഇവര്‍ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.ജെസീനയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ച് വരികയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകു എന്നും പോലീസ് വ്യക്തമാക്കി.