Monday, April 29, 2024
keralaNews

കന്യാസ്ത്രീയെ പരാജയപ്പെടുത്തിയതാണോ …? എങ്ങനെയാണ് ബിഷപ്പ് കുറ്റവിമുക്തനായത്. ……?

ബലാല്‍സംഗ കേസില്‍ ഇരയുടെ മൊഴി മാത്രം പരിഗണിച്ചാല്‍ മതി എന്ന് സുപ്രീം കോടതിവിധി നിലനില്‍ക്കെയാണ്, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോട്ടയം സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ സാക്ഷികള്‍ എല്ലാവരും സാധാരണക്കാരാണ്. എല്ലാവരും കൃത്യമായി മൊഴി നല്‍കി. മെഡിക്കല്‍ തെളിവുകളും ശക്തമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും വെളിപ്പെടുത്തുന്നത്. പിന്നെ എവിടെയാണ് പിഴവ് സംഭവിച്ചത് .                                                                                                                                      2014 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പരാതിയ്ക്ക് അടിസ്ഥാനമായ അതിക്രമം കന്യാസ്ത്രീയ്ക്കെതിരെ നടക്കുന്നത്. കോട്ടയം കുറവിലങ്ങാട്ടെ മഠത്തില്‍വെച്ച് 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. അന്ന് പഞ്ചാബ് ജലന്തര്‍ കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു ഫ്രാങ്കോ. പീഡനത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയ്ക്ക് ആദ്യം രേഖാ മൂലം പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ല. പരാതി ഒത്തുതീര്‍ക്കാനാണ് സഭാ നേതൃത്വം ശ്രമിച്ചത്. കത്തോലിക്കാ സഭയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കി.                                                                                                                      അസാധാരണവും ഏറെ കോളിളക്കവും സൃഷ്ടിച്ച കേസില്‍ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടിരിക്കുകയായിരുന്നു. ബിഷപ്പിനെതിരെ മൊഴി നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ഇരയ്ക്ക് നീതി ലഭിക്കുന്നതിനായി കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതും കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. പ്രോസിക്യൂഷന്‍ വാദത്തിലെ വ്യക്തതക്കുറവും കേസ് അന്വേഷണത്തിലെ പാളിച്ചകളുമാണ് ഇത്തരത്തിലൊരു വിധിയുണ്ടാവാന്‍ കാരണമെന്ന് നിയമ വിദഗ്ദര്‍ .കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് വിധിയെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിച്ചത്.                                                                                    കുറ്റക്കാരന്‍ എന്ന് തെളിവുകള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും വിശ്വസിച്ച വ്യക്തിയെ കോടതി ഒറ്റ വാക്കില്‍ കുറ്റവിമുക്തനാക്കിയെന്നും ലൂസി കളപ്പുര പറഞ്ഞു.സഭയ്ക്ക് അകത്തുതന്നെ വിഷയം പരിഹരിക്കാന്‍ കന്യാസ്ത്രീ ഏറെനാള്‍ ശ്രമിച്ചിരുന്നു. കേസ് നല്‍കാന്‍ വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു.ഏതായാലും ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ച കോടതിവിധി സമൂഹത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് ഇനി കണ്ടറിയണം. പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് മിക്ക അവസരങ്ങളിലും സാധാരണക്കാര്‍ മാത്രമാണെന്ന വാദം ഇതോടെ വീണ്ടും ശക്തമാകുകയാണ് .
നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. പണമുള്ളവനും ഇല്ലാത്തവനും നിയമത്തിനു മുന്നില്‍ ഒന്നാണെന്ന വസ്തുത കോടതിയാണ് കാണിച്ചു കൊടുക്കേണ്ടത്. ഇക്കാര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിയെ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. സമൂഹത്തില്‍ ഏറെ ചര്‍ച്ച ഉണ്ടാക്കിയ കേസ് എന്ന നിലയില്‍ കോടതിയെപ്പോലെ തന്നെ വാദികളും ഗൗരവമായി കാണേണ്ടിയിരുന്നു. കന്യാസ്ത്രീ പീഡന കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടാല്‍ പോലും സത്യം പുറത്തുകൊണ്ടുവരാന്‍ കോടതിക്ക് കഴിയുമെന്നായിരുന്നു പരാതിക്കാരിയുടെ വിശ്വാസം. ഈ വിശ്വാസമാണ് തകര്‍ന്നത്. ഒരു കന്യാസ്ത്രീയുടെ മാത്രം വിധിയല്ല. ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ സംരക്ഷണം കൂടിയാവും ഇത്.