Saturday, May 18, 2024
keralaNews

ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയില്‍ ചരിത്ര വിജയം- പരമ്പര

ആവേശങ്ങള്‍ക്കും ആകാംഷയ്ക്കുമൊടുവില്‍ ബ്രിസ്‌ബെയ്‌നിലെ ഗാബ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ആവേശം അവസാനനിമിഷം വരെ നിലനിന്ന കളിയില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തരിപ്പണമാക്കിയത്.36 റണ്‍സിന് അഡ്‌ലൈഡില്‍ വീണപ്പോള്‍ ഓസ്‌ട്രേലിയ വൈറ്റ് വാഷ് ചെയ്തു കൊണ്ടു പോകുമെന്ന് എല്ലാവരും വിധി എഴുതിയ സീരീസ് ഇന്ന് ചരിത്രത്തില്‍ ഇടം നേടിയ ചേസുമായാണ് ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നത്.ഒരോ ഘട്ടത്തിലും ഇന്ത്യക്ക് പ്രതികൂലമായി കാര്യങ്ങള്‍ മാറി കൊണ്ടിരുന്നപ്പോഴും പതറാതെ തല ഉയര്‍ത്തി തന്നെ ഇന്ത്യ നില്‍ക്കുന്നതാണ് സീരീസില്‍ അഡ്‌ലൈഡ് മുതല്‍ ഇങ്ങോട്ട് കണ്ടത്. ഗാബ എന്നാല്‍ ഓസ്‌ട്രേലിയയുടെ കരുത്തുറ്റ കോട്ട ആയാണ് ഗാബ അറിയപ്പെട്ടിരുന്നത്. 1989 മുതല്‍ ഒരു ടീമിനും അവിടെ ഓസ്‌ട്രേലിയയെ തൊടാന്‍ ആയിരുന്നില്ല. മൂന്ന് ഇന്നിങ്‌സും കഴിഞ്ഞ് 300നു മുകളില്‍ വിജയ ലക്ഷ്യം വെച്ചപ്പോള്‍ ഓസ്‌ട്രേലിയ കരുതിയതും വിജയം ഉറച്ചെന്നാണ്.

പക്ഷെ ഇന്ത്യയുടെ യുവനിരയ്ക്ക് ഭയമേ ഉണ്ടായിരുന്നില്ല. ഇന്ന് 324 റണ്‍സ് ആയിരുന്നു നേടാന്‍ ബാക്കി ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയന്‍ ബൗളിംഗ് അറ്റാക്കിനെ അറിയുന്ന ഏതു ടീമും സമനിലയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചേനെ. എന്നാല്‍ ഇന്ത്യക്ക് വിജയം മാത്രമായിരുന്നു ലക്ഷ്യം. സമനില പോലും കിരീടം നിലനിര്‍ത്താന്‍ സഹായിക്കുമായിരുന്നിട്ടും ഇന്ത്യ അഗ്രസീവ് ആയി കളിക്കാന്‍ തീരുമാനിച്ചു. ക്യാപ്റ്റന്‍ രഹാനെയുടെ ബാറ്റിങ് ഇന്ത്യന്‍ വിജയത്തിനായാണ് കളിക്കുന്നത് എന്ന് നേരിട്ട് സൂചന നല്‍കി.പൂജാര പുറത്താകുന്നത് വരെ ഇന്ത്യക്ക് ഇന്ന് സമ്മര്‍ദ്ദമേ ഉണ്ടായിരുന്നില്ല. വിജയം അല്ലാ എങ്കില്‍ സമനില എന്ന് ഉറപ്പാക്കിയ രീതിയില്‍ ആണ് കളിച്ചത്. പൂജാരയും മായങ്കും പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്ന് ഭയന്നു. ഒരു ഘട്ടത്തില്‍ നേടേണ്ട റണ്‍റേറ്റ് 6നു മുകളിലും പോയി. പക്ഷെ വാഷിങ്ടണ്‍ സുന്ദറിന്റെയും പന്തിന്റെയും യുവ മനസ്സുകള്‍ക്ക് ഭയമേ ഉണ്ടായിരുന്നില്ല. ആരാധകര്‍ക്ക് പോലും സമ്മര്‍ദ്ദം നല്‍കാത്ത തരത്തിലും ഇരുവരും വാറ്റു ചെയ്തു. വിജയം ഏതാണ്ട് ഉറപ്പിച്ച് മാത്രമാണ് സുന്ദര്‍ കളം വിട്ടത്. പന്ത് ആകട്ടെ തന്റെ വിമര്‍ശകരെ എല്ലാം വര്‍ഷങ്ങളോളം നിശബ്ദരാക്കുന്ന ഇന്നിങ്‌സുമായി വിജയ റണ്‍സ് വരെ കളത്തില്‍ നിന്നു.ഈ വിജയത്തിന് ഒരു വിദേശ ടെസ്റ്റ് വിജയവും നാലാം ഇന്നിങ്‌സിലെ ചേസും ഗാബയുടെ ഭീതി മറികടന്നതും ഒക്കെ മാറ്റു കൂട്ടുന്നുണ്ട് എങ്കിലും ഏറ്റവും പ്രധാനം ഈ ടീം വെച്ച് ഇന്ത്യ വിജയിച്ചു എന്നതാണ്. ഇന്ത്യന്‍ ടീമിന്റെ മികവ് എത്ര ആഴത്തില്‍ ഉണ്ട് എന്ന് ലോക ക്രിക്കറ്റിന് കാണിച്ചു കൊടുത്തിരിക്കുകയാണ് ഈ ടെസ്റ്റ് സീരീസ്.