Friday, April 26, 2024
keralaNews

ഓണക്കിറ്റില്‍ വിതരണം നടത്തിയ ശര്‍ക്കരയില്‍ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി.

ഓണക്കിറ്റില്‍ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന് തെളിഞ്ഞിട്ടും കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാതെ സപ്ലൈക്കോ. വിതരണക്കാരെ ഉടന്‍ കരിമ്പട്ടികയില്‍ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതില്‍ കാലതാമസം.പരാതികളുണ്ടായ സാഹചര്യത്തില്‍ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകള്‍ക്കായി
അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വന്നശേഷം കമ്പനികള്‍ക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം.

സംസ്ഥാനത്ത് വിതരണത്തിനായി തയ്യാറാക്കിയ 75 ശതമാനത്തിലധികം ഓണക്കിറ്റുകളും  ഉപഭോക്താക്കളുടെ വീടുകളിലെത്തി. ഓണവും കഴിഞ്ഞു. നിലവാരം പോരെന്ന പരാതി ഏറെ കേട്ടത് ശര്‍ക്കരയിലും,പപ്പടത്തിലും.
പരാതികള്‍ വ്യാപകമാകുമ്പോഴും ഈ ഉത്പന്നങ്ങള്‍ വിതരണത്തിനായി എത്തിച്ച കമ്പനികള്‍ക്കെതിരെ ഒരു നടപടിയുമായിട്ടില്ല. വിതരണത്തിനായി എത്തിച്ച 500 ലോഡ് ശര്‍ക്കരയില്‍ നിന്ന്, സംശയം തോന്നിയ 71 സാമ്പിളുകളാണ് സപ്ലൈക്കോ പരിശോധനകള്‍ക്കായി അയച്ചത്. ഇതില്‍ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി.