Sunday, May 12, 2024
indiaNewsSports

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്‌പെയിനെ തോല്‍പ്പിച്ചു.

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്‌പെയിനെ തോല്‍പ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദര്‍ പാല്‍ സിങ് രണ്ടു ഗോളും സിമ്രാന്‍ ജിത്ത് സിങ് ഒരു ഗോളും നേടി.ഈ ജയത്തോടെ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. ഇനി അര്‍ജന്റീന, ജപ്പാന്‍ എന്നീ ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.സ്പാനിഷ് ടീം മത്സരത്തിന്റെ തുടക്കം മുതല്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പലപ്പോഴും ഇന്ത്യ രക്ഷപെട്ടത് പി ആര്‍ ശ്രീജേഷ് വന്‍മതിലായി നിന്നതുകൊണ്ട് മാത്രമാണ് . പതിന്നാലാം മിനിട്ടില്‍ സിമ്രാന്‍ജിത്ത് സിങിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്.അമിത് രോഹിദാസിന്റെ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളാക്കുകയായിരുന്നു. തൊട്ടടുത്ത മിനിട്ടില്‍ തന്നെ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ രൂപീന്ദര്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 2-0ന് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടും മൂന്നൂം ക്വാര്‍ട്ടറുകളില്‍ ഇരമ്ബിയാര്‍ത്തെത്തിയ സ്‌പെയിനെയാണ് കണ്ടത്. നിരന്തരം പെനാല്‍റ്റി കോര്‍ണറുകള്‍ സ്‌പെയിന് ലഭിച്ചെങ്കിലും ശ്രീജേഷിന് മുന്നില്‍ അതെല്ലാം നിഷ്പ്രഭമാകുകയായിരുന്നു.ഇതിനിടെ റഫറിയോട് തര്‍ക്കിച്ച സുമിത് സിങിന് ഗ്രീന്‍ കാര്‍ര്‍ഡ് ലഭിച്ചതോടെ ഇന്ത്യ പത്തുപേരിലേക്ക് ചുരുങ്ങി. അവസാന ക്വാര്‍ട്ടറിലും സ്‌പെയിന്റെ ആക്രമണം തുടര്‍ന്നു.എന്നാല്‍ പ്രത്യാക്രമണങ്ങളിലൂടെ ഇന്ത്യ പ്രതിരോധം തീര്‍ത്തു. നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍ പാല്‍ സിങ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. മത്സരത്തിന്റെ 53-ാം മിനിട്ടില്‍ തുടര്‍ച്ചയായി മൂന്നു പെനാല്‍റ്റി കോര്‍റുകള്‍ സ്‌പെയിന് ലഭിച്ചെങ്കിലും ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി മാറി.