Saturday, April 27, 2024
keralaNews

ഒരു മാസത്തിനിടെ മൂന്നു തവണ വെള്ളം കയറി; എരുമേലി കെ എസ് ആർ ടി സി ഡിപ്പോ അപകടാവസ്ഥയിൽ. 

എരുമേലി: ഒരു മാസത്തിനിടെ മൂന്നു തവണ വെള്ളം കയറിയ എരുമേലി കെ എസ് ആർ ടി സി ഡിപ്പോ അപകടാവസ്ഥയിൽ.കാലപ്പഴക്കത്താൽ തകർന്ന അടിത്തറ പൂർണമായും ഇളകി മാറിയ അവസ്ഥയിലാണ്.ഭിത്തികൾ അടിയിൽ നിന്നും ദ്രവിച്ചു തകർന്നു  മാറിയതോടെ കോൺക്രീറ്റ് മേൽക്കൂര ഏതു നിമിഷവും തകർന്നു നിലംപതിക്കാവുന്ന അവസ്ഥയിലാണ്.ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഡിപ്പോയാണ് ഏതു നിമിഷവും തോട്ടിലേയ്ക്ക് മറിഞ്ഞു വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നത്.124 ജീവനക്കാർ ജോലി ചെയ്യുന്ന ഡിപ്പോയിലെ ടിക്കറ്റ് ആൻഡ് ക്യാഷ് സെക്ഷനും യാത്രക്കാർക്കായുള്ള സൗചാലയവുമാണ് ഏറ്റവും അപകടാവസ്ഥയിൽ നിൽക്കുന്നത്. മരക്കുറ്റി യുടെ മുകളിൽ പണിഞ്ഞു വെച്ച നിലയിലായിരുന്ന ശൗ ചാലയത്തിന്റെ തറ പൂർണമായും വിട്ടുമാറിയ നിലയിലാണ്. കനത്ത മഴയിൽ ഡിപ്പോയുടെ സംരക്ഷണ ഭിത്തി തൊട്ടിലേയ്ക്ക് ഇടിഞ്ഞു വീനിരുന്നു. തറകൾ ഇടിഞ്ഞു താഴുകയും ഭിത്തികൾ വിണ്ടു കീറുകയും ചെയ്തതോടെ ഭീതിയോടെയാണ് ജീവനക്കാർ ഓഫീസിനുള്ളിൽ ജോലി ചെയ്യുന്നത്.സംസ്ഥാനത്ത് ആദ്യമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം പണി കഴിപ്പിച്ച കെ എസ് ആർ ടി സി ഡിപ്പോയാണ് എരുമേലിയിലേത്.ദീർഘ ദൂരസർവീസുകൾ ഉൾപ്പെടെ 23 ഷെഡ്യുളുകളാണ് നിലവിൽ എരുമേലിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി കൂട്ടായ ഇടപെടലുകൾ നടത്താമെന്നും ബലക്ഷയം സംബന്ധിച്ച് സർക്കാർ തലത്തിൽ അടിയന്തിര റിപ്പോർട്ട്‌ നൽകുമെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത്‌ പ്രസിഡണ്ട്‌ തങ്കമ്മ ജോർജ്കുട്ടി പറഞ്ഞു.
ശൗചാലയ നവീകരണത്തിന് മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ ജെസ്‌ന നജീബ് പറഞ്ഞു.അപകടാവസ്ഥയിലുള്ള ഡിപ്പോയുടെ ഓഫീസ്, ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടർ എന്നിവയുടെ പ്രവർത്തനം അടിയന്തിരമായി സുരക്ഷിതമായ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്നും തീർത്ഥാടകർ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ എരുമേലി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.അനൂപ് അയ്യപ്പൻ, എബി ഡേവിഡ്, ടി എസ് ജയകുമാർ, വി ബാബു എന്നിവർ പ്രസംഗിച്ചു.