Monday, May 13, 2024
indiakeralaNews

ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല ;കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി.ഒമിക്രോണില്‍ രാജ്യത്ത് ആശങ്ക തുടരുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സാഹചര്യത്തില്‍ വ്യക്തത വരുത്തിയത്. രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകളാണ് നടക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം ബാധിച്ച ഒരു കേസ് പോലും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മന്ത്രിയുടെ സ്ഥിരീകരണം താല്‍ക്കാലികമെങ്കിലും ആശ്വാസകരമാണ്.ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാകുമോയെന്ന സംശയം പല സംസ്ഥാനങ്ങളും ഉന്നയിക്കുമ്പോഴാണ് കേന്ദ്രം അക്കാര്യത്തിലും വ്യക്തത വരുത്തിത്. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ വ്യക്തമാകാതിരിക്കാന്‍ ഒമിക്രോണിനാകില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. അതിനാല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിര്‍ണ്ണയം നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ച ഉന്നത തല അവലോകന യോഗത്തിലും പരിശോധന കൂട്ടേണ്ടതിന്റെ ആവശ്യകത സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വാക്‌സീനേഷന്‍ തന്നെയാണ് നിലവിലെ ഭീഷണിക്കെതിരായ പ്രധാന പോംവഴി. വീടുകള്‍ തോറും എത്തി വാക്‌സീന്‍ നല്‍കുന്നതുള്‍പ്പെടയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അടുത്ത മുപ്പത്തിയൊന്നോടെ ഒരു ഡോസ് വാക്‌സീനെങ്കിലും എല്ലാവര്‍ക്കും ലഭ്യമായെന്ന് ഉറപ്പ് വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
അതേ സമയം അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കാത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരാവാള്‍ രംഗത്തെത്തി. വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയതിന്റെ തിരിച്ചടി ഒന്നാം തരംഗത്തില്‍ മനസിലായതാണെന്നും തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് മുന്നിലെ തടസമെന്താണെന്നും കെജ്രിവാള്‍ ചോദിച്ചു.