Saturday, May 18, 2024
keralaObituary

ഐ.ജി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടിലെത്തി. കുടുംബത്തിന്റെ പരാതികളെല്ലാം പരിഗണിക്കും

ഭര്‍തൃവീട്ടില്‍ വിസ്മയ വി.നായരെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം വിലയിരുത്താന്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി നിലമേല്‍ കൈതോട് കുളത്തിന്‍കര മേലതിലെ വിസ്മയയുടെ വീട്ടിലെത്തി .ഐ.ജി കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. െഎ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം നല്‍കിയിട്ടുള്ളത്. വിസ്മയയുടെ കുടുംബത്തിന്റെ പരാതികളെല്ലാം പരിഗണിക്കുമെന്ന്‌ െഎ.ജി ഹര്‍ഷിത അട്ടല്ലൂരി മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിസ്മയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത വരാനുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.                                                                                                                    കിരണിനെതിരായ പരാതി ഒതുക്കിതീര്‍ത്തെന്ന ആരോപണത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷിക്കും. പ്രതിക്കെതിരെ ചുമത്തിയത് കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍. സഹോദരനെ മര്‍ദിച്ചതില്‍ പുനരന്വേഷണം ആവശ്യമാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.ജനുവരി രണ്ടാം തീയതി കിരണ്‍ കുമാര്‍ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീര്‍പ്പിലാക്കിയതെന്നാണ് ത്രിവിക്രമന്‍ മാധ്യമങ്ങളോട് പറഞ്ഞത്.                                ഭര്‍തൃവീട്ടില്‍ വിസ്മയ വി.നായരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ റിമാന്‍ഡിലാണ്. ഗാര്‍ഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. വീട്ടിലെത്തിച്ച് തെളിവെടുത്തു.കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ശൂരനാട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ കിരണിനെ കൊല്ലം റൂറല്‍ പൊലീസ് മേധാവി കെ.ബി. രവി, ഡിവൈ.എസ്.പി പി.രാജ്കുമാര്‍ എന്നിവര്‍ ചോദ്യംചെയ്തിരുന്നു.