Friday, May 17, 2024
indiaNewsSports

ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ പോരാട്ടം ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം

ഷാര്‍ജ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയുടെ ജയത്തോടെ ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് തുടക്കമായി. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ 4 വിക്കറ്റിനാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.                                                                               ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ലക്ഷ്യം മറികടന്നു. സൂപ്പര്‍ ഫോറിലെ സൂപ്പര്‍ പോരാട്ടം നടക്കുന്ന ഞായറാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും.

45 പന്തില്‍ 84 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. 2 വിക്കറ്റ് നേടിയ ദില്‍ഷന്‍ മധുശങ്ക, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മഹീഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ശ്രീലങ്കയ്ക്ക് വേണ്ടി നന്നായി പന്തെറിഞ്ഞു.

ശ്രീലങ്കയ്ക്ക് വേണ്ടി 19 പന്തില്‍ 36 റണ്‍സ് നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ്, 35 റണ്‍സ് നേടിയ പാതും നിശാങ്ക, 33 റണ്‍സ് നേടിയ ദനുഷ്‌ക ഗുണതിലക, 14 പന്തില്‍ 31 റണ്‍സ് നേടിയ ഭാനുക രജപക്‌സ എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുര്‍ റഹ്‌മാന്‍, നവീനുള്‍ ഹഖ് എന്നിവര്‍ 2 വിക്കറ്റ് വീതവും റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെ 5 വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം. ദുബായിലാണ് മത്സരം.