Friday, May 17, 2024
indiaNewspolitics

ഏക സിവില്‍ കോഡ് : സിപിഎമ്മിന് കുറുക്കന്റെ ബുദ്ധി കെസി വേണുഗോപാല്‍

ദില്ലി: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന് കുറുക്കന്റെ ബുദ്ധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് കെസി വേണുഗോപാല്‍ ഉന്നയിച്ചത് . രാഹുല്‍ ഗാന്ധിയേയും – കോണ്‍ഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ ഏക സിവില്‍ കോഡ് വിഷയത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സി പി എം ശ്രമിക്കുന്നത്. ഏക സിവില്‍ കോഡിനെ ഹിന്ദു – മുസ്ലീം പോരാട്ടമാക്കി മാറ്റുകയാണ് സിപിഎം. ഉത്തരേന്ത്യയിലെയും, കര്‍ണ്ണാടകത്തിലെയും കോണ്‍ഗ്രസിന്റെ മുന്നേറ്റം കേരളത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മുസ്ലീം ലീഗിന്റെയും, മുസ്ലീം സമുദായത്തിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍പോട്ട് പോകൂ. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിലപാട് അറിയിക്കും. ഏക സിവില്‍ കോഡ് അപ്രായോഗികമെന്ന മുന്‍ ലോ കമ്മീഷന്‍ നിഗമനങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.യൂണിഫോം സിവില്‍ കോഡില്‍ ലീഗുമായി ചേരാന്‍ സി പി എമ്മിനാകില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോയെന്ന് ചോദിച്ച സുധാകരന്‍, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദന്‍ ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. എംവി ഗോവിന്ദന്‍ മറുപടി അര്‍ഹിക്കുന്നില്ല. യൂണിഫോം സിവില്‍ കോഡില്‍ എഐസിസി നിലപാട് കാത്തിരിക്കുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.