Thursday, May 9, 2024
keralaNews

എരുമേലി വിമാനത്താവളം;  നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കാതെയാണ്  കമ്പനി പഠന റിപ്പോർട്ട് തയ്യാറാക്കിയത്  ; ആന്റോ ആന്റണി എംപി 

എരുമേലി:എരുമേലി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട്
യുഎസ് കമ്പനിയായ ലൂയിസ് ബർഗർ കമ്പനി സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കിയത് നിർദ്ദിഷ്ട
ചെറുവള്ളി റബ്ബർ എസ്റ്റേറ്റ് സന്ദർശിക്കാതെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സാറ്റലൈറ്റ് സർവ്വേ നടത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പത്തനംതിട്ട എം.പി ആന്റോ ആൻറണി എംപി പറഞ്ഞു. എരുമേലി വിമാനത്താവളത്തിന്റെ സാധ്യത പഠന റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തള്ളിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ റിപ്പോർട്ട് ചർച്ചയ്ക്ക് വന്നപ്പോൾ പോരായ്മകൾ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതാണ് . പോരായ്മകൾ പരിഹരിക്കാതെയാണ് റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുമ്പിൽ സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ എയർപോർട്ട് അതോറിറ്റി അംഗീകരിച്ച ഏജൻസികളെ കൊണ്ട് ഒ. എൽ . എസ് . സർവ്വേയും (ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേ ) , ഒപ്പം പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും നൽകാതിരുന്നതാണ്
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.വിമാനങ്ങൾ ഇറങ്ങുന്നതിന് ആവശ്യമായ നീളവും വീതിയും റൺവേയ്ക്കാവശ്യമായ സ്ഥലം ലഭ്യമാണ്. ചെറുവള്ളി തോട്ടത്തിനോട്
ചേർന്ന് മുക്കടയുടെ സമീപമുള്ള പ്രദേശങ്ങളിൽ 3600 മീറ്ററിന് മുകളിൽ നീളമുള്ളതും നിരപ്പായതുമായ പ്രദേശവും കൂടാതെ ചേനപ്പാടിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ 50 ഏക്കർ സ്ഥലം മാത്രം ഏറ്റെടുക്കുകയാണെങ്കിൽ പോലും 3600 മീറ്റർ എന്നുള്ള റൺവേയുടെ നീളം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് പഠനം നടത്തിയ ഏജൻസി ഈ പ്രദേശത്ത് നേരിട്ട് എത്താത്തതിന്റെ പോരായ്മകളാണ് ഇതിന് കാരണമെന്നും അംഗീകൃത ഏജൻസി സ്ഥലത്തെത്തി പഠനം നടത്തുകയും അതോടൊപ്പം ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേയും പാരിസ്ഥിതിക ആഘാത പഠനവും നടത്തി പോരായ്മകൾ പരിഹരിച്ച് ഒരു റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകാൻ
സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു . എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ കെപിസിസി സെക്രട്ടറി അഡ്വ. പി എ സലീം, ഡിസിസി സെക്രട്ടറി പ്രാകാശ് പുളിക്കൻ , എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ് എന്നിവരും പങ്കെടുത്തു.