Tuesday, May 14, 2024
Local NewsNews

എരുമേലി വനത്തില്‍ കുഴഞ്ഞു വീണ അയ്യപ്പഭക്തന് രക്ഷയായി പഞ്ചായത്ത് പ്രസിഡന്റ്

രാജൻ . എസ്

എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയില്‍ കുഴഞ്ഞു വീണ അയ്യപ്പഭക്തന് രക്ഷയായി എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി. വനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്ന മധുര സ്വദേശി വെങ്കിടേഷ് സ്വാമിയെ പഞ്ചായത്തിന്റെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. എരുമേലി കോയിക്കക്കാവ് – കാളകെട്ടി പാതയില്‍ മമ്പാടി കയറ്റത്തായി ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. എരുമേലിയില്‍ നിന്നും കോയിക്കക്കാവ് വഴി നടന്ന് പോകുകയായിരുന്ന വെങ്കിടേഷ് സ്വാമി മമ്പാടിയില്‍ വച്ച് കുഴഞ്ഞു വീഴുന്നത് കണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് അപ്രതീക്ഷിതമായി ആ വഴി വരുന്നത്.      ഉടനെ വാഹനം നിര്‍ത്തി വെങ്കിടേഷ് സ്വാമിയെ മറ്റ് തീര്‍ത്ഥാടകരുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കാളകെട്ടി താത്ക്കാലിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികില്‍സ നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി എരുമേലിക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും അസഹനീയമായ വേദന മൂലം പഞ്ചായത്ത് വാഹനത്തില്‍ നിന്നും സ്വാമിക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ പഞ്ചായത്ത് വാഹനത്തില്‍ തന്നെ കാളകെട്ടിയില്‍ നിന്നും ഡ്രൈവര്‍ ചിക്കു നാലുമാവുങ്കല്‍ ആംബുലന്‍സിന്റെ വേഗത്തില്‍ എരുമേലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എരുമേലി ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. അരവിന്ദ്, നേഴ്‌സുമാരായ അമ്പിളി, ആന്‍സി എന്നിവരുടെ നേതൃത്വത്തില്‍ ചികില്‍സ നല്‍കി അയ്യപ്പ ഭക്തന് ആശ്വാസം നല്‍കുകയായിരുന്നു. മകന്‍ ആനന്ദ് ഉള്‍പ്പടെ അഞ്ചംഗ സംഘമാണ് ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് എരുമേലിയിലെത്തിച്ചത് . നാളെ (01/01/24 തിങ്കളാഴ്ച ) കോട്ടയത്ത് കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ശബരിമല യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പഠിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി കോയിക്കക്കാവില്‍ നിന്നും കാളകെട്ടിയിലേക്ക് പോകുകയായിരുന്നു. അപ്പോള്‍ വനത്തിന്‍ കുഴഞ്ഞു വീണ അയ്യപ്പഭക്തനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. അപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കാളകെട്ടിയില്‍ നിന്നും ആംബുലന്‍സ് എത്തി ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സ നല്‍കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 24 മത്തെ തവണയാണ് ശബരീശനെ കാണാന്‍ പരമ്പരാഗത കാനന പാതയിലൂടെ വരുന്നതെന്നും, ഇന്ന് വനത്തില്‍ കുഴഞ്ഞു വീണ തന്നെ രക്ഷിച്ച പഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്റെ നിയോഗം പോലെയാണ് അപ്പോള്‍ അവിടെ എത്തിയതെന്നും വെങ്കിടേഷ് സ്വാമി ‘കേരള ബ്രേക്കിംഗ്’ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ നടന്നു വരുന്ന കാനന പാതയില്‍ വൈകിട്ട് നാല് മണി കഴിഞ്ഞ് കാളകെട്ടി താത്ക്കാലിക ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്ത സംഭവം പ്രതിഷേധാര്‍ഹമാണെന്നും പ്രസിഡന്റ് പറഞ്ഞു.ഇക്കാര്യമുള്‍പ്പെടെ നാളെത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.