Tuesday, May 14, 2024
Local NewsNews

എരുമേലി ഒരുങ്ങുന്നു; ശബരിമല തീര്‍ത്ഥാഥാടകരെ വരവേല്‍ക്കാന്‍

എരുമേലി: ലക്ഷക്കണക്കായ ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ എരുമേലി ഒരുങ്ങുന്നു. നവംബര്‍ 17 വൃശ്ചികം ഒന്നു മുതല്‍ ശബരിമല നട തുറന്നുള്ള ശബരിമല മണ്ഡലം – മകരവിളക്ക് തീര്‍ത്ഥാടന ഉത്സവം ജനുവരി 20നാണ് സമാപിക്കുന്നത് . കന്നി അയ്യപ്പഭക്തര്‍ എരുമേലിയില്‍ എത്തി പേട്ടതുള്ളി ശബരിമല ക്ഷേത്രദര്‍ശനം നടത്തണമെന്ന് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് എരുമേലിയില്‍ കൂടുതലും തീര്‍ത്ഥാടകര്‍ എത്തുന്നത്. പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടന യാത്രയും പ്രധാനമാണ്. മുന്‍ വര്‍ഷത്തെ പോലെ നിയന്ത്രണമേര്‍പ്പെടുത്താതെ 24 മണിക്കൂറും ഉള്ള കാനന യാത്രയാണ് തീര്‍ത്ഥാടന പ്രതീക്ഷിക്കുന്നത്.                                                                                                                                                റവന്യൂ വകുപ്പ് , പഞ്ചായത്ത് , ദേവസ്വം ബോര്‍ഡ്, ജമാഅത്ത്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, മറ്റ് സ്വകാര്യ വ്യക്തികള്‍ അടക്കം തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനുള്ള നടപടികളാണ് എടുത്തു തുടങ്ങുന്നത്. എരുമേലി ഗ്രാമപഞ്ചായത്തില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തിലും , കളക്ടറുടെ നേതൃത്വത്തിലും , ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ ദിവസങ്ങളില്‍ വിവിധ മുന്നൊരുക്ക യോഗം നടന്നിരുന്നു. വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗം വിലയിരുത്തി, ദേവസ്വം ബോര്‍ഡ് കച്ചവടത്തിനുള്ള താല്‍ക്കാലിക കരാറുകള്‍ നല്‍കിത്തുടങ്ങി. വലിയ അമ്പലവും കൊച്ചമ്പലവും പെയിന്റിംഗ് തുടങ്ങി . കച്ചവടക്കാര്‍ താല്‍ക്കാലിക കടകള്‍ കെട്ടിത്തുടങ്ങി. സ്റ്റുഡിയോകളും – ഹോട്ടലുകളും കെട്ടിത്തുടങ്ങി. കാഞ്ഞിരപ്പള്ളി എരുമേലി സംസ്ഥാനപാതയില്‍ കൊരട്ടിക്ക് സമീപം രണ്ട് ഭാഗങ്ങളിലായി റ്റൈലുകള്‍ പാകുന്ന ജോലിയാണ് മരാമത്ത് തുടങ്ങിയിരിക്കുന്നത്.                                                     

 

 

എന്നാല്‍ തീര്‍ത്ഥാടന മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും എതിരെ വ്യാപക ആക്ഷേപമാണ് പത്തനംതിട്ട എംപി ആന്റോ ആന്റണി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മുന്നൊരക്കങ്ങളില്‍ ഗുരുതരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാട്ടുന്നത് എന്നും എംപി പറഞ്ഞു.തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസ് വകുപ്പ് ശക്തമായ ഇടപെടല്‍ നടത്താനാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിലെ കാലതാമസം മഴയെ തുടര്‍ന്ന് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത എന്നും നാട്ടുകാരും പറഞ്ഞു. റോഡ് ടാറിങ്, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, പാര്‍ക്കിംഗ് മൈതാനങ്ങളുടെ ശോചനീയാവസ്ഥ മാറ്റല്‍ അടക്കം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും മഴ ശക്തമായാല്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍ . ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ വകുപ്പുകളുടെ അടക്കം സര്‍ക്കാര്‍ മുന്നൊരക്കങ്ങട്ടില്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്നാണ് നാട്ടുകാരും തീര്‍ത്ഥാടകരും പ്രതീക്ഷിക്കുന്നത്. ഇതിനിടെ ദേവസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 31ന് എരുമേലിയില്‍ ശബരിമല മുന്നൊരുക്ക അവലോകന യോഗം നടക്കും.