Tuesday, May 21, 2024
keralaNews

എരുമേലിയില്‍ പുറംമ്പോക്ക് ഭൂമിയില്‍ അന്തിയുറങ്ങുന്ന വൃദ്ധ ദമ്പതികളുടെ ജീവിതം നരക തുല്യം.

എരുമേലി: ഈ ജീവിതം നരകതുല്യമെന്ന് പറഞ്ഞാല്‍ മതിയായില്ല,അതിനേക്കാള്‍ ദുരിതം പേറിയുള്ള അപകടകരമായ അവസ്ഥയിലാണ് എരുമേലിയിലെ പുറംമ്പോക്ക് ഭൂമിയില്‍ അന്തിയുറങ്ങുന്ന ഈ വൃദ്ധ ദമ്പതികളുടെ ജീവിതം.എരുമേലി കളപ്പുരയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ സലാം – ലൈല ദമ്പതികളാണ് കൊരട്ടിയില്‍ പാതയോരത്ത് പടുത വിരിച്ച ഷെട്ടില്‍ കിടക്കുന്നത്.കഴിഞ്ഞ കുറേ കാലമായി കൂലിപ്പണിത് ചെയ്തു ജീവിച്ചു. ആറ് വര്‍ഷം മുമ്പ് ഈ പുറംമ്പോക്കിലെ മറ്റൊരാളുടെ സഹായത്തോടെ ഇവിടെ ചെറിയ കടയിട്ടു.പിന്നെ അതും പൂട്ടി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് പുറമേ രണ്ട് തവണ ഹൃദയ സ്തംഭനം കൂടി ഉണ്ടായതോടെ ഒരു പണിക്കും പോകാന്‍ കഴിയാത്ത അവസ്ഥയായി.

കഴിഞ്ഞ 15 വര്‍ഷമായി പഞ്ചായത്തില്‍ മാറി -മാറി ഭരിച്ച മുന്നണികള്‍ക്കെല്ലാം അപേക്ഷ നല്‍കി.എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞതല്ലാതെ നാളിതു വരെ ഒന്നും ശരിയാക്കിയില്ലെന്നും അബ്ദുള്‍ സലാം പറഞ്ഞു.റേഷന്‍ കാര്‍ഡ്,ഇലക്ഷന്‍ കാര്‍ഡ്,ആധാര്‍ തുടങ്ങി എല്ലാ രേഖകളുമുണ്ട്. പക്ഷെ കിടക്കാന്‍ മാത്രം വീടില്ല.സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നല്‍കാനായി മുഖ്യ മന്ത്രിക്ക് നേരിട്ട് അപേക്ഷ നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തധികൃതര്‍ വന്നു നോക്കിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അബ്ദുള്‍ സലാം പറഞ്ഞു . പിന്നെ വില്ലേജിലും അപേക്ഷ നല്‍കി ഫലമുണ്ടായില്ല. ഏക ആശ്രയമായി പെന്‍ഷന്‍ മാത്രമാണുള്ളത്. മരുന്നിന് പോലും പെന്‍ഷന്‍ തികയാറില്ല. മക്കളില്ലാത്ത ഇവര്‍ക്ക് സഹായത്തിന് അയല്‍വാസികള്‍ പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.

എരുമേലി -കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയില്‍ക്കൂടി ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളും,ഇഴജന്തുക്കളും,മഴയും,കാറ്റും,വലിയതോട്ടിലെ വെള്ളപ്പൊക്കത്തിന്റേയും നടുവിലാണ് ഇവര്‍ ഇപ്പോഴും അന്തിയുറങ്ങുന്നത്.ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി എരുമേലി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ 18 – 19 സാമ്പത്തിക വര്‍ഷം 124 വീടുകളാണ് നല്‍കിയതെന്ന് അധികൃതരും പറഞ്ഞു.ആശുപത്രിയിലും മറ്റും പോകാന്‍ കഴിയുന്ന തരത്തില്‍ ഒരു ചെറിയ കിടപ്പാടം മാത്രമാണ് തങ്ങളുടെ ജീവിതം ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.