Tuesday, May 14, 2024
keralaLocal NewsNewspolitics

എരുമേലിയില്‍ ഇന്ന് മകം പിറന്ന മങ്കയ്ക്ക് മഹാഭാഗ്യവും

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്‍പതാം വാര്‍ഡ് ഇരുമ്പൂന്നിക്കരയില്‍ 340 വോട്ടുകള്‍ വീതം നേടി എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ പ്രകാശ് പള്ളിക്കൂടം വിജയിയായി തെരഞ്ഞെടുക്കപ്പെടുന്നത് . അന്നുണ്ടായ ആ ഭാഗ്യം പക്ഷേ ഇന്ന് കോണ്‍ഗ്രസിനെ നാണക്കേടിന്റെ പടുകുഴിയില്‍ എത്തിക്കുകയായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വനിതാ അംഗത്തിന് വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഭരണം നഷ്ടപ്പെട്ടെങ്കിലും ആറുമാസത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാം എന്ന മോഹമാണ് കോണ്‍ഗ്രസ് ആശയോടെ തകര്‍ന്നടിഞ്ഞത് . അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനും ചര്‍ച്ചകള്‍ നടത്താനുമൊക്കെ മുന്‍പന്തിയില്‍ നിന്ന ആ ‘ ഭാഗ്യവാന്‍ ‘ കോണ്‍ഗ്രസിനെ നിര്‍ണായകഘട്ടത്തില്‍ വഞ്ചിക്കുകയായിരുന്നു . അവിശ്വാസപ്രമേയംപരാജയപ്പെട്ടതിന് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകാശ് പള്ളിക്കൂടത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

സിപിഎമ്മിന്റെ വനിതാ അംഗങ്ങളില്‍ കരുത്തിനൊപ്പം ഭാഗ്യവും തുണച്ച തങ്കമ്മ ജോര്‍ജ് കുട്ടിഎരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇനിയും തുടരും . കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും, തമ്മിലടിയും , അധികാരത്തിനുവേണ്ടിയുള്ള വടംവലിയും തുണച്ചത് തങ്കമ്മ ജോര്‍ജ് കുട്ടിക്കാണ്. മകം നക്ഷത്രത്തില്‍ ജനിച്ച തങ്കമ്മ ജോര്‍ജ് കുട്ടി എന്ന പൊതുപ്രവര്‍ത്തകയ്ക്ക് അവസരങ്ങള്‍ ഓരോന്നും തന്നിലേക്ക് എത്തുന്ന സവിശേഷതയാണ് ഓരോ ഘട്ടത്തിലും ദൃശ്യമായത്. ഓരോ നേട്ടവും നാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു .

എന്നാല്‍ എരുമേലി പഞ്ചായത്തിലെ അവിശ്വാസത്തിന് കെപിസിസി അധ്യക്ഷന്‍ വരെ ഇടപെട്ടിട്ടും ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല .വോട്ട് ചെയ്യുന്ന വിധം നിരവധി തവണ പറഞ്ഞു കൊടുത്തിട്ടും വനിതാ അംഗം അത് തെറ്റിച്ചു. അവിശ്വാസത്തിന് എല്ലാവര്‍ക്കും വിപ്പ് നല്‍കിയ അംഗം തന്നെ ഭരണപക്ഷത്തിന് അനുകൂലമാകുന്ന തരത്തില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു .ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തുമരംപാറ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗത്തിന്റെ സഹായം കോണ്‍ഗ്രസിന് തേടേണ്ടിവന്നു.

ചില മുതിര്‍ന്ന നേതാക്കള്‍ക്ക് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ എരുമേലിയിലെ കോണ്‍ഗ്രസിന്റെ പതനത്തിന് വഴിയൊരുക്കി. കോണ്‍ഗ്രസില്‍ നിന്നും നിരവധി പേര്‍ സിപിഎമ്മിലേക്ക് ചേക്കേറി . കോണ്‍ഗ്രസിലെ ഘടകകക്ഷിയായ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കി . കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തിയ പലരും പിന്നീട് കോണ്‍ഗ്രസിന്റെ വിവിധ കമ്മറ്റികളില്‍ ഭാരവാഹികളായി മാറി.

അങ്ങനെ എരുമേലി കോണ്‍ഗ്രസിലെ കഥകള്‍ നിരവധിയാണ്.കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ചിലരൊക്കെ ആഗ്രഹിക്കുന്നുവെങ്കിലും , ആഗ്രഹത്തിന് എല്ലാം കടിഞ്ഞാണിടുന്ന പ്രവര്‍ത്തനമാണ് നേതാക്കള്‍ ഒരുക്കുന്നതെന്നും കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.പ്രകാശ് പള്ളിക്കൂടത്തിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് അത് അത്ര സ്വീകാര്യമായിട്ടില്ല.