Thursday, May 16, 2024
indiaNews

എത്ര പേരാണ് അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ എത്തിയതെന്ന് നോക്കൂ. പുഞ്ചിരിയോടെ വേണം അദ്ദേഹത്തെ യാത്രായാക്കാന്‍:ഗീതിക ലിഡ്ഡര്‍ തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയര്‍ ലിഡ്ഡറിന്റെ: മകള്‍.

ഒരു ഭര്‍ത്താവിന്റെ മരണം എന്നതിലുപരി രാജ്യത്തിന്റെ നഷ്ടമാണ് ബ്രിഗേഡിയര്‍ ലിഡ്ഡറിന്റെ വിയോഗമെന്ന് ഭാര്യ ഗീതിക ലിഡ്ഡര്‍. ധീരജവാന്റെ ഭാര്യ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഗീതിക പറഞ്ഞു.’എത്ര പേരാണ് അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ എത്തിയതെന്ന് നോക്കൂ. പുഞ്ചിരിയോടെ വേണം അദ്ദേഹത്തെ യാത്രായാക്കാന്‍. അദ്ദേഹമില്ലാതെയുള്ള ജീവിതം ദുഷ്‌കരമാണ്. പക്ഷേ എന്ത് ചെയ്യാന്‍ ? അദ്ദേഹം നല്ലൊരു പിതാവായിരുന്നു. മകള്‍ അദ്ദേഹത്തെ മിസ് ചെയ്യും’- ഗീതിക പറഞ്ഞു.

തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയര്‍ ലിഡ്ഡറിന്റെ മകള്‍ ആഷ്ണ ലിഡ്ഡര്‍. രാജ്യത്തിന്റെ തീരാ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്നും മകള്‍ ആഷ്ണ പറയുന്നു.ആഷ്ണയുടെ വാക്കുകള്‍ : ‘എനിക്ക് പതിനേഴ് വയസാകുന്നു. പതിനേഴ് വര്‍ഷം മാത്രമാണ് അച്ഛനൊപ്പം ജീവിച്ചത്. ഇനി നല്ല ഓര്‍മകള്‍ മാത്രമാണ് കൂട്ട്. അദ്ദേഹത്തിന് അധികം ദുരിതമനുഭവിക്കേണ്ടി വന്നില്ല എന്നതില്‍ സമാധാനം തോന്നുന്നു. എന്റെ ഉറ്റ സുഹൃത്തായിരുന്നു അച്ഛന്‍. ഹീറോ ആയിരുന്നു. എന്റെ ഏറ്റവും വലിയ മോട്ടിവേറ്ററായിരുന്നു അച്ഛന്‍. എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛന്‍ സാധിച്ച് തരുമായിരുന്നു. എനിക്ക് ഭയമുണ്ട്, കാരണം അച്ഛന്‍ അത്രയധികം എന്നെ സന്തോഷിപ്പിച്ചിരുന്നു’.

ബ്രിഗേഡിയര്‍ എസ്എല്‍ ലിഡ്ഡറിന്റെ ഭൗതികശരീരം ഇന്ന് രാവിലെയാണ് സംസ്‌കരിച്ചത്. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങില്‍ പങ്കെടുത്തു. കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, വ്യോമസേനാ മേധാവി ചീഫ് എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരാണ് ബ്രിഗേഡിയര്‍ എസ് എല്‍ ലിഡ്ഡറിന് യാത്രാമൊഴി നല്‍കിയത്. എന്‍എസ്എ അജിത് ഡോവലും ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അര്‍പ്പിച്ചു.