Friday, May 17, 2024
keralaNews

എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്

എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ജോജു വിഷയം ധനമന്ത്രി സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു പ്രതികരണം. കൊച്ചിയിലെ സമരം എന്തിനെന്ന് ജനം വിലയിരുത്തട്ടെ. ജോജുവിനെ മര്‍ദിച്ചിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണ്. സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കില്‍ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും സതീശന്‍ പറഞ്ഞു. ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്‌സിഡിയായി നല്‍കണം. മീന്‍പിടിത്ത ബോട്ടുകള്‍, ഓട്ടോ, ടാക്‌സി എന്നിവയ്ക്കും ഇളവ് നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധന സഭ നിര്‍ത്തിവെച്ച് ചര്‍ച്ച െചയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. നികുതി ഭീകരതയാണ് നടക്കുന്നതെന്നു ഷാഫി പറമ്പില്‍ ആരോപിച്ചു. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ നികുതിയാണ്. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണ കമ്പനികളല്ല. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുത്. യുപിഎ കാലത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്ന നികുതി 3.46 രൂപയാണ്. നിലവില്‍ 31.81 രൂപയും. ഡീസല്‍ വിലനിയന്ത്രണം കോണ്‍ഗ്രസ് എണ്ണക്കമ്പനികളെ ഏല്‍പിച്ചിട്ടില്ല. ഇന്ധനവില കൂടാന്‍ കാരണം കോണ്‍ഗ്രസെന്നത് തെറ്റായ പ്രചാരണമെന്നും ഷാഫി സഭയില്‍ വ്യക്തമാക്കി.ഇന്ധനവില വര്‍ധന ഗൗരവമുള്ള വിഷയമെന്നതില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി മറുപടി പറഞ്ഞു. ഇന്ധനനികുതി കോവിഡ് കാലത്ത് സംസ്ഥാനം വര്‍ധിപ്പിച്ചിട്ടില്ല. യുഡിഎഫ് 94 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ നികുതിയെന്നും ധനമന്ത്രി വിശദീകരിച്ചു.വഴിതടഞ്ഞ് വാഹനവും പൊട്ടിച്ച് കപടപ്രചാരണം നടത്തുന്നുവെന്ന് ധനമന്ത്രി ആരോപിച്ചു.