Tuesday, April 30, 2024
keralaNewspolitics

എം.എം മണിയുടെ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി ആരോപണം, 14 അംഗ സംഘത്തെ പിടികൂടി, മഷി മായ്ക്കുന്ന ദ്രാവകവും പഞ്ഞിയും കണ്ടെടുത്തു

മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്ബന്‍ചോലയില്‍ വ്യാപക കള്ളവോട്ട് നടന്നതായി ആരോപണം. കള്ള വോട്ട് ചെയ്യാനെത്തിയ തമിഴ് നാട്ടില്‍ നിന്നുള്ള സംഘത്തെ നെടുംകണ്ടം കോമ്ബയാറില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടികൂടി. 14 പേരുള്ള സംഘത്തിന്റെ കൈയില്‍ നിന്ന് മഷി മായ്ക്കുന്ന ദ്രാവകവും പഞ്ഞിയും കണ്ടെടുത്തു.

കള്ളവോട്ടിന് പോലീസും മറ്റ് ഉദ്യോഗസ്ഥരും ഒത്താശ ചെയുന്നതായി ആരോപിച്ച് കോണ്‍ഗ്രസ്സും ബിജെപിയും രംഗത്തെത്തി. കോമ്ബയാറിലെ ഒരു പോളിംഗ് ബൂത്തിന് സമീപത്തു ജീപ്പ് നിര്‍ത്തി മഷി മായ്ക്കുമ്‌ബോഴാണ് 14 അംഗ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ പിടികൂടിയത്. വിവരം പോലീസില്‍ അറിയിച്ചെങ്കിലും ആദ്യം തിരിഞ്ഞുനോക്കിയില്ല. പിന്നീട് കള്ളവോട്ടിന് ശ്രമിച്ചവരെ യാതൊരു പരിശോധന പോലും നടത്താതെ വിട്ടയക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി നെടുംകണ്ടം പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി.

ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോണ്‍ഗ്രസും ബിജെപിയും നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ വ്യാപക പരിശോധനയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പരിശോധന പ്രഹസനം മാത്രമാണെന്നാണ് ആരോപണം. ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.