Thursday, May 16, 2024
indiaNewspolitics

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്തു. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുഷ്‌കര്‍ സിംഗ് ധാമി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്പാല്‍ മഹാരാജ്, സുബോദ് ഉനിയല്‍, ധന്‍ സിംഗ് റാവത്ത്, രേഖാ ആര്യ, ഗണേഷ് ജോഷി, ചന്ദന്‍ റാം ദാസ്, സൗരഭ് ബഹുഗുണ്‍, പ്രേംചന്ദ് അഗര്‍വാള്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ എട്ട് പേര്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് മന്ത്രിമാരാകുന്നത്. പ്രധാനമന്ത്രിയ്ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പുറമേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ നിയുക്ത മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുതിര്‍ന്ന ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാട്ടിമ നിയോജക മണ്ഡലത്തില്‍ നിന്നും ധാമി തോറ്റിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത്. തപ്കേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.