Sunday, May 12, 2024
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; മുന്‍ സൈനികനായ ഗൃഹനാഥന് പരിക്ക്

എരുമേലി: ഇരുമ്പൂന്നിക്കരയില്‍ ഇന്നലെ രാത്രി ഉണ്ടായ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ മുന്‍ സൈനികനായ ഗൃഹനാഥന് പരിക്ക് . ഇരുമ്പൂന്നിക്കര വരമ്പനാല്‍ രമേശനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്ക് ശേഷമായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ  രമേശന്റെ  ഒപ്പം പണിത സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ടതിന് ശേഷം മടങ്ങി വരുന്ന വഴിക്ക്  ഇവര്‍ പിക്ക് അപ്പ് വാഹനം തടഞ്ഞു നിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ ആളുകളെത്തി രാത്രി 10 മണി മുതല്‍ വെളുപ്പിന് നാല് മണി വരെ മേഖലയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയത്. കാറിലും – ബൈക്കിലുമായി എത്തിയ സംഘത്തെ സംബന്ധിച്ച് വാഹനങ്ങളുടെ നമ്പര്‍ സഹിതം എരുമേലി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ആക്രമണം സംബന്ധിച്ച് മൊഴി രേഖപ്പെടുത്തിയതായും കേസെടുക്കുമെന്നും എരുമേലി പോലീസ് പറഞ്ഞു.