Saturday, May 4, 2024
Newsworld

ഇന്ന് ലോക ഭൗമദിനം

ഈ വര്‍ഷം 52-ാമത് ലോക ഭൗമ ദിനമാണ് ആചരിക്കുന്നത്. പ്ലാനറ്റ് വേര്‍സസ് പ്ലാസ്റ്റിക് എന്നതാണ് ഇത്തവണത്തെ പ്രമേയം. ഭൂമിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഗവേഷകര്‍ ശേഖരിച്ച മഴ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ നാനോ കണങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഭൂമിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയാകണം ഇനിയുള്ള പോരാട്ടം. ഭൂമി നമ്മുടെ അമ്മയാണ്. അതിനെ സംരക്ഷിക്കാനായി ഓരോരുത്തരുടെയും ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്നേ ദിനത്തില്‍ ഗൂഗിളും.  പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളും സമ്പന്നമായ ജൈവവൈവിധ്യവും പ്രദര്‍ശിപ്പിക്കുന്ന അതിമനോഹരമായ ആകാശ കാഴ്ചകളാണ് ഗൂഗിള്‍ ഡൂഡിലില്‍ പങ്കുവച്ചിരിക്കുന്നത്. വരും തലമുറയ്ക്കായി ഭൂമിയിലെ ഈ നിധികള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. ലോകത്തിന്റെ പല ഭാഗങ്ങളെയാണ് ഡൂഡില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിക്കാന്‍ ജനങ്ങളും സര്‍ക്കാരുകളും സംഘടനകളും മറ്റും സദാ പ്രവര്‍ത്തിക്കുന്നു. ഈ ഉദാഹരണങ്ങള്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നല്‍കുന്നുവെന്നും അതേസമയം കാലാവസ്ഥാ പ്രതിസന്ധിയും ജൈവവൈവിധ്യ നഷ്ടവും പരിഹരിക്കാന്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന ഓര്‍മ്മിപ്പെടുത്തലുമാണ്.