Sunday, May 19, 2024
indiaNewsworld

ഇന്ത്യ – റഷ്യ പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും

റഷ്യയുമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. വിവിധ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ കരാറായതിനു പിന്നാലെ പുതിയ പ്രതിരോധ സംവിധാനങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കാനും ധാരണ. എയ്റോ ഇന്ത്യയുടെ ഭാഗമായാണ് നിര്‍ണായക പ്രഖ്യാപനങ്ങള്‍ പുറത്തുവന്നത്.
തല്‍വാര്‍ പടക്കപ്പലുകള്‍ക്കും 877ഇകെഎം അന്തര്‍വാഹിനികള്‍ക്കും റഷ്യന്‍ സാങ്കേതിക പിന്തുണ ഉറപ്പാക്കാന്‍ ധാരണയായി. റഷ്യയുടെ മികച്ച വ്യോമ പ്രതിരോധ സംവിധാനമായ പാന്‍സര്‍ എസ്1 , തോര്‍ എം2കെഎം എന്നിവയും സംയുക്തമായി നിര്‍മ്മിക്കും. വ്യോമ പ്രതിരോധ ആര്‍ട്ടിലറിയായ ഡിഫന്‍ഡര്‍, ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനമായ ബൂമറാംഗ് തുടങ്ങിയവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. ടി -72, 90 ടാങ്കുകളുടെ ഓക്‌സിലറി പവര്‍ യൂണിറ്റും ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും.
വാട്ടര്‍ ലാന്‍ഡിംഗ് / ടേക്ക് ഓഫ് ഡ്രോണുകളും ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങളും നിര്‍മ്മിക്കുന്നതില്‍ ഒരുമിക്കാനും ധാരണയായി. ഇന്ത്യയ്ക്കും ആഗോള തലത്തിലും ആവശ്യമായ രീതിയില്‍ ആളില്ലാ വിമാനങ്ങളും നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
പ്രതിരോധ രംഗത്ത് ഇന്ത്യയുടെ നിര്‍ണായക പങ്കാളിയാണ് റഷ്യ. സുഖോയ് , മിഗ് വിമാനങ്ങളും ചക്ര അന്തര്‍വാഹിനിയും റഷ്യയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് മുതല്‍ക്കൂട്ടായ ആയുധങ്ങളാണ്. റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനവും കരാര്‍ അനുസരിച്ച് ഉടന്‍ ഇന്ത്യക്ക് കൈമാറും. ചൈനയുമായുള്ള സംഘര്‍ഷം ആരംഭിച്ച ഉടന്‍ തന്നെ മിഗ് , സുഖോയ് വിമാനങ്ങള്‍ക്ക് ഇന്ത്യ കരാര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പാന്‍സര്‍, തോര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുമെന്ന നിര്‍ണായക പ്രഖ്യാപനം വന്നത്.