Saturday, May 18, 2024
Uncategorized

ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ഇടുക്കി ഉപ്പുതറയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട് പുത്തന്‍വീട്ടില്‍ ജോബിഷ് പി എസിന്റെ ഭാര്യ വാഴപ്പറമ്പില്‍ ഷീജ എംകെയാണ്(27) വിവാഹം കഴിഞ്ഞ് പത്താം മാസം ആത്മഹത്യ ചെയ്തത്. അതേസമയം ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.2021 നവംബര്‍ 13ന് ആയിരുന്നു ജോബിഷിന്റേയും ഷീജയുടേയും വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും, ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ സഹോദരനോട് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഷീജ ഇതെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്‍ അരുണ്‍ പറയുന്നത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.ജോബിഷ് മദ്യപിച്ചെത്തി ഷീജയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓണത്തിനു മുന്‍പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടില്‍ വന്നെങ്കിലും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ 9.40ന് ജോബിഷ് വിളിച്ചതുപ്രകാരം അരുണ്‍ വളകോട്ടിലെ വീട്ടില്‍ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലാണെന്ന് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴാണ് സഹോദരി മരണപ്പെട്ട വിവരം അരുണ്‍ അറിയുന്നത്.

ജോബിഷ് ഷീജയുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബന്ധുക്കള്‍ ഇടപെട്ട് പലതവണ പരിഹരിക്കാറുമുണ്ടായിരുന്നു. ജീവിതം മടുത്തെന്ന് ഷീജ ഇടയ്ക്കിടെ പറയുമായിരുന്നു എന്നും മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃ കുടുംബം പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. സഹോദരിയുടെ മരണത്തില്‍ അസ്വഭ്വികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. ഷീജയുടെ മൃതദേഹം ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പൊലീസും തഹസില്‍ദാരും ആശുപത്രി തുടര്‍ നടപടികള്‍ സ്വീകരിച്ചു.