Wednesday, May 15, 2024
keralaNews

ആലുവയില്‍ കാണാതായ പതിനാലുവയസ്സുകാരിയെ ബെംഗളുരുവില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് ആലുവയില്‍ കാണാതായ പതിനാലുവയസ്സുകാരിയെ ബെംഗളുരുവില്‍ കണ്ടെത്തി. ബെംഗളുരുവില്‍ ഒരു മലയാളി കച്ചവടക്കാരന്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. അമ്മയുമായി വഴക്കിട്ട് ഒമ്പതാംക്ലാസ്സുകാരി ഇന്നലെ ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങിയത്. ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹമെന്നും, തന്നോട് ഇഷ്ടമില്ലെന്നും പറഞ്ഞാണ് കുട്ടിയും അമ്മയും വഴക്കായതും പിന്നീട് കുട്ടി വീട് വിട്ടിറങ്ങിയതും.

ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്. പരാതി ലഭിച്ചതോടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തില്‍ യുസി കോളജിന് സമീപത്തു നിന്നും പറവൂര്‍ക്കവലയിലേക്ക് പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്. ഒരു ചെറിയ ബാഗ് മാത്രമാണ് പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്നത്.