Tuesday, May 14, 2024
keralaNews

ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും.

ആലപ്പുഴ ബൈപ്പാസ് എന്ന സ്വപ്നത്തിലേക്കുള്ള നാലു പതിറ്റാണ്ടിലേറെ നീണ്ട യാത്ര ഇന്ന് യാഥാര്‍ത്ഥ്യത്തിന് വഴിമാറുകയാണ്.ആലപ്പുഴയുടെ വികസന പാതയായി ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഉച്ചക്ക് ഒന്നിനാണ് ഉദ്ഘാടന ചടങ്ങ്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യ അഥിതിയാകുന്ന ഉദ്ഘാടന സമ്മേളനത്തിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 172 കോടി രൂപവീതം ചിലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. കേന്ദ്രമന്ത്രിമാരായ വി.കെ. സിംഗ്, വി. മുരളീധരന്‍, സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്, സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, എംപിമാരായ എഎം ആരിഫ്, കെസി വേണുഗോപാല്‍, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവരാണ് ഉദ്ഘാടന ചടങ്ങിലെ ഔദ്യോഗിക ക്ഷണിതാക്കള്‍.എന്നാല്‍ ഉദ്ഘാടന ചടങ്ങിലേക്ക് കെസി വേണുഗോപാലിനെ ക്ഷണിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.