Sunday, May 19, 2024
keralaNews

ആലങ്ങാട്ടു യോഗം സ്വാമി ഭക്തജന സംഘം എരുമേലി പേട്ടക്ക് പുറപ്പെട്ടു. 

അമ്പലപ്പുഴ :   ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന്റെ മുന്നോടിയായി നടത്തപ്പെടുന്ന പേട്ട പുറപ്പാട് ശബരിമല സ്വാമി ഭക്തജന സംഘത്തിന്റെ നേതൃത്വത്തിൽ ആലുവ മണപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നും 02.01.2022 ഞായറാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി  മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി പൂജിച്ചു നൽകിയ ഗോളക ആലങ്ങാട്ടു യോഗം പെരിയോൻ എ.കെ. വിജയകുമാർ സ്വാമിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ യോഗ പ്രതിനിധികൾ ആയ രാജപ്പൻ നായർ , രാജേഷ് പുറയാറ്റി കളരി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ്  എം.എൻ. നീലകണ്ഠൻ, സെക്രട്ടറി എം.ജി.ഗോപാലകൃഷ്ണൻ,  ജോയിൻ്റ് സെക്രട്ടറി സുകുമാരൻ, മുൻ ക്ഷേത്രാപദേശക സമിതി പ്രസിഡൻ്റ് കെ.പി. അരവിന്ദാക്ഷൻ, ഭജനമഠം സെക്രട്ടറി വി.കെ.ഗോപാലകൃഷ്ണൻ, ഹൈന്ദവ സേവാ സമിതി കമ്മറ്റി അംഗം വിപിൻ, വിഷ്ണു, യോഗാംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ഭദ്രദീപം കൊളുത്തി യാത്ര ആരംഭിച്ചു. കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമി ക്ഷേത്രം, കുന്നേൽ ശ്രീ ധർമശാസ്താ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ   സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് യോഗം ആസ്ഥാനത്ത് എത്തുന്ന രഥഘോഷയാത്ര മഞ്ഞപ്ര ശ്രീ കാർപ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രത്തിലേക്കു ചിന്ത് മുതലായ വാദ്യമേളങ്ങളോടു കൂടിയുള്ള എഴുന്നള്ളിപ്പും പണക്കിഴി സമർപ്പണവും നടന്നു. അതിനു ശേഷം മഞ്ഞപ്രയിലുള്ള യോഗ ആസ്ഥാനത്തു വച്ചു നടത്തുന്ന അയ്യപ്പൻ വിളക്കിനു ശേഷം നാളെ രാവിലെ എരുമേലിയിലേക്ക് പുറപ്പെടുന്നു.എരുമേലിയിലേക്കുള്ള യാത്രാമധ്യേ പെരുമ്പാവൂർ ശ്രീ ധർമശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രം, രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രം, എളംകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ പാനക പൂജയും അന്നദാനവും നടത്തി ജനുവരി 9ന് എരുമേലിയിൽ എത്തിച്ചേരുന്നു. ജനുവരി 10ന് എരുമേലിയിൽ പീഠം വയ്ക്കലിനും പാനക പൂജയ്ക്കും ശേഷം ജനുവരി 11ന് എരുമേലിയിൽ നടക്കുന്ന പേട്ട സദ്യക്കും രണ്ടു മണിയോടെ കൊച്ചമ്പലത്തിൽ വച്ചു നടക്കുന്ന ഗോളകപൂജയ്ക്കും ശേഷം വലിയമ്പലത്തിൽ ചരിത്രപ്രസിദ്ധമായ ആലങ്ങാട്ടു പേട്ടതുള്ളൽ നടത്തുന്നു.വൈകിട്ട് ആറുമണിക്ക് ക്ഷേത്രഗോപുരനടയിലെ ദേവസ്വം സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ക്ഷേത്ര പ്രദക്ഷിണം, ബലിക്കൽ പുരയിൽ കൽപ്പന, ഗോളകചാർത്തി തൊഴൽ എന്നിവക്കു ശേഷം അഴുതയിൽ ആഴിപൂജ നടത്തുന്നു. ജനുവരി പന്ത്രണ്ടാം തീയതി ബുധനാഴ്ച അമ്പലപ്പുഴ  സംഘക്കാരുടെ മഹനീയ സാന്നിദ്ധ്യത്തിൽ പമ്പയിൽ പീഠം വയ്ക്കലും പാനക പൂജയും നടത്തുന്നു . 13-ാം തീയതി വ്യാഴാഴ്ച പമ്പാ വിളക്കും പമ്പ സദ്യയും നടത്തുന്നു. 14-ാം തീയതി മകരവിളക്ക് ദർശനത്തിന് ശേഷം മണിമണ്ഡപത്തിൽ മഹാ നിവേദ്യം. പതിനഞ്ചാം തീയതി മാളികപ്പുറത്ത് മണിമണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളോടെ അയ്യപ്പസ്വാമിയുടെ ശീവേലി എഴുന്നള്ളിപ്പ് തുടർന്ന് കർപ്പൂര താലം , പടിപൂജ, അയ്യപ്പദർശനം. പതിനാറാം തീയതി ഞായറാഴ്ച വഴിപാട് സ്വീകരണവും സമർപ്പണവും  തുടർന്ന് ആലങ്ങാട് യോഗത്തിൻ്റെ നെയ്യഭിഷേകവും പന്തിരുനാഴി നിവേദ്യവും മുഴുക്കാപ്പ് ചാർത്തി തൊഴൽ, അപ്പം അരവണ നിവേദ്യം, വിതരണം. ജനുവരി പതിനേഴാം തീയതിയുള്ള കാണിക്ക സമർപ്പണത്തിന് ശേഷം പതിനെട്ടാം തീയതി മാളികപ്പുറത്തമ്മ ക്ക് നിവേദ്യ സമർപ്പണം. പത്തൊൻപതാം തീയതി മാളികപ്പുറത്ത് നടത്തുന്ന ഗുരുതി തൊഴുതതിന്  ശേഷം ഇരുപതാം തീയതി പടിയിറങ്ങി ഉപചാരം ചൊല്ലി | പിരിയുന്നതോടെ ഈ വർഷത്തെ ആലങ്ങാട് യോഗക്കാരുടെ ചടങ്ങുകൾ സമാപിക്കും.