Tuesday, May 14, 2024
keralaNewspolitics

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് തുടക്കമിട്ട് ഉമ തോമസ്

ഇടുക്കി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ സന്ദര്‍ശിക്കാന്‍ എത്തി. ഇന്ന് രാവിലെയോടെയാണ് ഉമ തോമസ് ഇടുക്കിയില്‍ എത്തിയത്.പിടി തോമസിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടത്തില്‍ എത്തിയ ഉമ തോമസ്, പിടിയുടെ ചിതാഭസ്മം നിക്ഷേപിച്ചിരിക്കുന്ന കുടുംബ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. ഇതിന് ശേഷമാണ് ബിഷപ്പിനെ സന്ദര്‍ശിക്കാനെത്തിയത്. പി.ടി യുടെ അടുത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്ന് ഉമ പറഞ്ഞു.

പിതാവിന്റെ അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയത് എന്നും അനുഗ്രഹം ലഭിച്ചെന്നും ബിഷപ്പിനെ കണ്ട ശേഷം അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശേഷം തൃക്കാക്കരയിലെ വീട്ടിലേക്ക് മടങ്ങി പ്രചാരണ പരിപാടികള്‍ ആരംഭിക്കാനാണ് തീരുമാനം. എംഎല്‍എയായിരിക്കെ പിടി തോമസ് അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി പിടി തോമസിന്റെ ഭാര്യയെ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ കാണുമെന്നും അദ്ദേഹത്തിന് തന്നെ തള്ളി പറയാന്‍ സാധിക്കില്ലെന്നും ഉമ തോമസ് പറഞ്ഞു. അദ്ദേഹവും കുടുംബവുമായി ആത്മബന്ധം ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നുവെന്നും കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന് അവര്‍ പറഞ്ഞതായും ഉമ തോമസ് പ്രതികരിച്ചു.