Saturday, May 18, 2024
keralaNews

ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്‍പന നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കോട്ടയം: ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്‍പന നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ് (45) പാലാ സിഐ കെ.പി ടോംസണും സംഘവും അറസ്റ്റ് ചെയ്തത്. പൂര്‍ണ ഗര്‍ഭിണിയായ ആടിനെയാണ് പ്രതി മോഷ്ടിച്ചത്. ഗര്‍ഭസ്ഥ ശിശുവായ ആടിന്റെ ഇറച്ചിയും പ്രതി വില്‍പന നടത്തിയിരുന്നു. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടേതാണ് ആട്. അയല്‍വാസിയാണ് പ്രതിയായ സാജു ജോസഫ്.പ്രതിയുടെ വീട്ടില്‍ നിന്ന് ആടിന്റെ തോലും മുറിച്ചുമാറ്റിയ കാലുകളും പോലീസ് കണ്ടെടുത്തു. പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ശനിയാഴ്ച ഉച്ചയോടെയാണ് സാജു അഴിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് പ്രതിയുടെ വീടിന്റെ അടുക്കള ഭാഗത്തുവെച്ച് ആടിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയെ സഹായിച്ച മറ്റ് അയല്‍വാസികള്‍ക്കായി തിരച്ചിലിലാണ് പോലീസ്. ബെന്നി, ബിനീഷ്, റോബിന്‍സ് എന്നീ അയല്‍വാസികളെയാണ് പോലീസ് തിരയുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് സരോജിനിയുടെ മൂന്ന് ആടുകള്‍ മോഷണം പോയിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സാജുവിന് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പാലാ കോടതിയില്‍ ഹാജരാക്കിയ ഒന്നാംപ്രതി സാജുവിനെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.