Wednesday, May 1, 2024
EntertainmentkeralaNews

ആകെ 50 പേര്‍ മാത്രം ഷൂട്ടിങ്ങിന്

സിനിമാ ചിത്രീകരണത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ സിനിമാ സംഘടനകള്‍ പുറത്തിറക്കി. നടീനടന്‍മാരുടെ സഹായികള്‍ ഉള്‍പ്പെടെ ലൊക്കേഷനില്‍ 50 പേര്‍ക്കു മാത്രമാണ് അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആര്‍ടിപിസിആര്‍ ഫലം, വാക്‌സിനേഷന്‍ വിവരങ്ങള്‍ അടക്കമുള്ളവ ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കൈമാറണമെന്നും നിര്‍ദേശമുണ്ട്.

അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം ഒരു ഡോസ് വാക്‌സീനെങ്കിലും സ്വീകരിച്ചവര്‍ക്കാണ് ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവുമാകണം. ഇതടക്കം കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പാക്കി മാത്രം സിനിമാചിത്രീകരണം ആരംഭിച്ചാല്‍ മതിയെന്ന് സിനിമാസംഘടനകള്‍ തീരുമാനിച്ചു.

ഇന്‍ഡോര്‍ ചിത്രീകരണത്തിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട ലൊക്കേഷന്‍, താമസ സ്ഥലം എന്നിവിടങ്ങളില്‍നിന്ന് പുറത്തുപോകാന്‍ പാടില്ല. മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് സത്യാവാങ്മൂലം നല്‍കണം. ഷൂട്ടിങ് നടക്കുന്ന സിനിമകളുടെ കോവിഡ് പ്രോട്ടോക്കോള്‍ റജിസ്റ്റര്‍ രണ്ട് സംഘടനകളിലും സൂക്ഷിക്കും.

ലൊക്കേഷനിലെത്തുന്ന സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മേക്കപ്പിനും ചിത്രീകരണത്തിനുമുള്ള ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കണം. പ്രൊഡക്ഷന്‍ സഹായികളും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമെല്ലാം ജോലി സമയത്ത് കയ്യുറ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന തരത്തില്‍ താമസ സൗകര്യം, വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കണം.

സെറ്റിലുള്ളവര്‍ തമ്മിലുള്ള ആശയവിനിമയത്തിന് വോക്കിടോക്കിയും മൊബൈലും ഉപയോഗിക്കണം. ചിത്രീകരണം നടക്കുന്ന സിനിമകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിശോധനയുമായി സഹകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.