Thursday, May 2, 2024
keralaNews

അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു: മനുഷ്യാവകാശ കമ്മീഷനും , പൊലീസും കേസെടുത്തു.

കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകള്‍ വീട്ടുമുറ്റത്ത് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകള്‍ കയ്യേറ്റം ചെയ്തു.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൂടിയാണ് നെടുമ്പറമ്പ് സ്വദേശിനിയായ ലീലാമ്മയെ മകള്‍ ലീന കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വൃദ്ധയുടെ നിലവിളി കേട്ട് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ഓടിയെത്തി. മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നതിനിടെ വനിതാ പഞ്ചായത്തംഗം അര്‍ഷമോളേയും ലീന മര്‍ദ്ദിച്ചു. പരിക്കേറ്റ അര്‍ഷ പത്തനാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.സ്വത്തിനെ ചൊല്ലി മകള്‍ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ലീലാമ്മ പറഞ്ഞു.പഞ്ചായത്ത് മെമ്പറുടെ പരാതിയില്‍ പത്തനാപുരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം ഉത്തരവ് നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.