Friday, May 17, 2024
keralaNews

അഫ്ഗാനിലെ കലാപങ്ങള്‍ക്കിടയിലൂടെ ജന്മനാട്ടിലേക്ക് ദീദില്‍ രാജീവ്

മരണം മണക്കുന്ന അഫ്ഗാനില്‍ അമേരിക്കന്‍ സൈനികര്‍ക്കൊപ്പം ഉള്ളുരുകി പ്രാര്‍ത്ഥനയോടെയാണ് തലശേരി മാപ്പീടിക സ്വദേശി ദീദില്‍ രാജീവ് നീണ്ട ഒമ്പത് വര്‍ഷം നടന്നുനീങ്ങിയത്. യുദ്ധം അനാഥമാക്കിയ അഫ്ഗാനില്‍ നിന്ന് ജന്മനാട്ടിലെത്തിയിട്ടും ദീദിലിന്റെ ശരീരത്തിലെ വിറയല്‍ മാറിയിട്ടില്ല. മാപ്പീടികയിലെ ചക്കരാലയം എന്ന വീട്ടിലെത്തിയത് ഒരു സ്വപ്നം മാത്രമായിട്ടാണ് ഇരുപത്തൊമ്പ് തുകാരനായ ദീദിലിന് ഇപ്പോഴും തോന്നുന്നത്. എങ്കിലും ജന്മനാട്ടിലെത്തിയതിന്റെ സന്തോഷം ദീദിലിന്റെ മനസില്‍ അലയടിക്കുന്നുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും കൊണ്ട് വീട് നിറഞ്ഞിരിക്കുന്നു. സംസാരത്തിനിടെ ആരൊക്കെയോ എവിടെ നിന്നൊക്കെയോ ഫോണില്‍ വിളിക്കുന്നു. മടുപ്പില്ലാതെ എല്ലാവരോടും പതിഞ്ഞ ശബ്ദത്തില്‍ നന്ദി പറയുന്നു…

കലാപത്തീയില്‍ എരിഞ്ഞ്…

ഒമ്പത് വര്‍ഷം മുമ്പ് ദീദില്‍ ആദ്യമായി അഫ്ഗാനിലെത്തുമ്പോഴും കലാപത്തിന്റെ തീയും പുകയും പലയിടങ്ങളിലായി എരിയുന്നുണ്ടായിരുന്നു. എന്നാല്‍, തലസ്ഥാനമായ കാബൂളിലെ ജലാലബാദ് റഷ്യന്‍ റോഡിലെ അമേരിക്കന്‍ നിയന്ത്രിത ഭക്ഷ്യവിതരണ കമ്പനിയും പരിസരം ഏറെക്കുറെ ശാന്തമായിരുന്നു. തദ്ദേശീയമായ മതതീവ്രവാദ ശക്തികളുടെ സായുധാക്രമണങ്ങളും സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും സൈനിക ഇടപെടലുകളുമെല്ലാം അരനൂറ്റാണ്ടായി അഫ്ഗാനിസ്ഥാനിലെ ജനജീവിതത്തെ തകര്‍ത്തിരുന്നു. പ്രസിഡന്റ് അഷറഫ് ഗനിയുടേയും പ്രധാനമന്ത്രി അബ്ദുള്ള അബ്ദുള്ളയുടേയും നേതൃത്വത്തിലുള്ള ഭരണകൂടം അമേരിക്കന്‍ സേനാമാറ്റത്തോടെ ആടിയുലഞ്ഞു. സെപ്തംബര്‍ 11ന് അമേരിക്ക അഫ്ഗാന്‍ വിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ അതിന് മുമ്പുതന്നെ അവര്‍ സൈന്യത്തെ പിന്‍വലിക്കുകയാണുണ്ടായത്. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങിയിരുന്നില്ല.

പതിയെ താലിബാന്‍ കരുത്താര്‍ജ്ജിച്ചു. ഭീകരര്‍ ആയുധമേന്തി കൂട്ടമായെത്തി മിന്നലാക്രമണങ്ങള്‍ നടത്തുകയാണ് പതിവ്. പല പ്രവിശ്യകളും ഇവര്‍ കൈയ്യടക്കിയപ്പോഴും കാബൂളിലേക്ക് കടന്നുവരാറില്ലായിരുന്നു. അഭ്യസ്തവിദ്യരും പുരോഗമനകാരികളുമായിരുന്നു ഇവിടത്തെ ജനങ്ങള്‍. വനിതകള്‍ പോലും യാഥാസ്ഥിതികത്വത്തെ എതിര്‍ത്തിരുന്നു.