Sunday, May 12, 2024
keralaNews

അനില്‍ പനച്ചൂരാന്റെ സംസ്‌കാരം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു.

കവിയും ഗാനരചയ്താവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം സംസ്‌കരിച്ചു. കായംകുളത്തെ ഗോവിന്ദമുട്ടത്തെ വീട്ടില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാരം. അച്ഛന്റെ അനുജന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ആര്‍ക്കും തന്നെ അനില്‍ പനച്ചൂരാനെ കാണാന്‍ സാധിച്ചില്ല. നിരവധി പേര്‍ അനില്‍ പനച്ചൂരാന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയെങ്കിലും കൊറോണ മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.

ഇന്നലെ രാത്രിയോടെയായിരുന്നു അനില്‍ പനച്ചൂരാന്റെ മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അനില്‍ പനച്ചൂരാനെ ഇന്നലെ രാത്രി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

മരണ ശേഷം നടത്തിയ കൊറോണ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പോലീസ് വ്യക്തമാക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.