Sunday, May 12, 2024
EntertainmentkeralaNews

അധികാരവും പണവും കൊണ്ടാണോ അച്ചടക്കം നിശ്ചയിക്കുന്നതെന്ന് ഡബ്ല്യൂസിസി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം……….

യൂട്യൂബ് ചാനല്‍ അവതാരകയായ വനിത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനില്‍ക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാര്‍ മലയാള സിനിമ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളില്‍ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകള്‍.   പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് എതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിര്‍മ്മാണ കമ്പനി ഇപ്പോള്‍.   വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസില്‍ പരാതി നല്‍കിയതോടെ വിജയ് ബാബു ഒളിവില്‍ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോള്‍ തന്നെ അയാള്‍ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാല്‍ പിന്‍താങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപെടുകയും ചെയ്യുന്നു.   എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്പനികള്‍ക്കും എതിരെ അച്ചടക്ക നടപടികളെടുക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തത്. ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത് .   മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിര്‍ണായക സ്ഥാപനമെന്ന നിലയില്‍, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ സ്വീകരിക്കുകയും, ഈ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉചിതങ്ങളായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവര്‍ക്കും സുരക്ഷിതവുമാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ഞങ്ങള്‍ ഗഎജഅയോട് അഭ്യര്‍ത്ഥിക്കുന്നു.