Saturday, May 18, 2024
keralaNews

അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം :നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയറ്റിലെത്തിയത്. കേസിന്റെ വിചാരണയിലുള്ള ആശങ്ക അറിയിക്കാനാണ് കൂടിക്കാഴ്ച. പ്രതി ദിലീപും അഭിഭാഷകനും ഇടതു മുന്നണിയിലെ പ്രമുഖ നേതാവിനെ നേരില്‍ കണ്ടതായുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് നടിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഡിജിപിയെയും ക്രൈം എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി.

പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. രാഷ്ട്രീയ ഇടപെടലാണ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നിലെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇന്ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ, അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണം തെറ്റാണെന്നും ആരോപണം ഉന്നയിച്ച സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഡിജിപി കോടതിയില്‍ അറിയിച്ചു. അനവസരത്തിലുള്ള ഹര്‍ജി പിന്‍വലിക്കണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന് അങ്ങനെ പറയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.