Tuesday, April 30, 2024
indiaNewsUncategorized

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് കേന്ദ്ര ഏജന്‍സിയിലെ വിദഗ്ധര്‍

മുംബൈ: മുംബൈയില്‍ കൊറോണ വൈറസിന്റെ എക്‌സ് ഇ വകഭേദം ഒരാളില്‍ സ്ഥിരീകരിച്ചെന്ന മുംബൈ കോര്‍പ്പറേഷന്റെ കണ്ടെത്തല്‍ തെറ്റെന്ന് സൂചന.

എക്‌സ് ഇ സംശയിക്കുന്ന ജീനോം സീക്വന്‍സിങ്ങ് ഫലം വിശദമായി പരിശോധിച്ച കേന്ദ്ര ഏജന്‍സിയിലെ വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്.

ജീനോം സീക്വന്‍സ് എക്‌സ് ഇയ്ക്ക് സമാനമല്ലെന്നാണ് കണ്ടെത്തലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജീനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യയിലെ (ഇന്‍സകോഗ്) വിദഗ്ദരാണ് ജീനോം സീക്വന്‍സിനെ വിശകലനം ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഉടന്‍ നല്‍കിയേക്കും. മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ വച്ച് 230 സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങ് നടത്തിയെന്നും ഫലം വന്നപ്പോള്‍ ഒന്ന് എക്‌സ് ഇ വകഭേദമാണെന്ന് കണ്ടെത്തിയെന്നുമാണ് കോര്‍പ്പറേഷന്‍ പ്രസ്താവനയിറക്കിയത്.

കോസ്റ്റ്യൂം ഡിസൈനര്‍ ആയ ഒരു സ്ത്രീയിലാണ് എക്‌സ് ഇ വകഭേദം സംശയിക്കുന്നത്. മാര്‍ച്ച് രണ്ടിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസത്തെ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയേക്കും.

അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്‌സ് ഇ. ഒമിക്രോണിനെക്കാള്‍ 10 ശതമാനം പകര്‍ച്ചശേഷി കൂടുതലുള്ളതാണ് എക്‌സ് ഇ വകഭേദം.