Monday, May 20, 2024
keralaNewspolitics

മാണി സി. കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ. ജോസഫ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്ന് പിജെ ജോസഫ്. എന്‍സിപി ആയി തന്നെ പാലായില്‍ നിന്ന് മാണി സി കാപ്പന്‍ മത്സരിക്കുമെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

അവസാന നിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണമെന്നും പിജെ ജോസഫ് വിശദീകരിച്ചു. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യുഡിഎഫ് ഭരണം പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പിജെ ജോസഫ് പറഞ്ഞു.അതേ സമയം പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പിജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞു.പാലാ സീറ്റ് എന്‍ സി പിയുടേത് തന്നെയാണ്, പിജെ ജോസഫിന്റെ പ്രസ്താവനെയെപ്പറ്റി അറിയില്ലെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്