Tuesday, April 30, 2024
keralaNewspolitics

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഇന്നലെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ

തിരുവനന്തപുരം:  ഇന്നലെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  പൊലീസ് ഹര്‍ത്താലിനെതിരെ ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ഹെല്‍മെറ്റ് വച്ച് ബൈക്കില്‍ കല്ലെറിഞ്ഞ് പോയാല്‍ എങ്ങനെ പിടിക്കാനാകുമെന്നും കാനം ചോദിച്ചു.പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ എങ്ങനെ സുരക്ഷ കൊടുക്കും. ഇന്നലത്തെ അക്രമങ്ങളെ അപലപിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മാധ്യമ ചര്‍ച്ചയെ കുറിച്ച് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി എന്നെക്കൊണ്ട് കൂടി പറയിപ്പിക്കണോ എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. വീണ്ടും പാര്‍ട്ടി സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടി ഭരണഘടന പറയുന്നത് മൂന്ന് ടേം ആകാം എന്നാണ്. ഒരിക്കല്‍ കൂടി സിപിഐ സംസ്ഥാന സെക്രട്ടറിയാകാനുള്ള സാധ്യത തള്ളാതെയും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് ടേമാണ് താന്‍ പൂര്‍ത്തിയാക്കിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സിപിഐ സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3വരെ തിരുവനന്തപുരത്ത് നടക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.