Saturday, May 18, 2024
keralaNewspolitics

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍; ഭരണഘടനാ വിരുദ്ധം, നഖശിഖാന്തം എതിര്‍ക്കും :പി കെ. കുഞ്ഞാലിക്കുട്ടി.

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമായി 21 വയസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. വിവാഹ പ്രായം ഉയര്‍ത്താനുള്ള തീരുമാനം രാജ്യത്തെ ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ്. ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നിയമ നിര്‍മ്മാണം മുസ്ലിംങ്ങള്‍ക്ക് മാത്രമല്ല തിരിച്ചടിയാകുക. ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ് തീരുമാനം. ഇക്കാര്യത്തില്‍ മതം വിഷയമാക്കി എടുക്കേണ്ടതില്ല. നിയമവുമായി ബന്ധപ്പെട്ട് ദരിദ്ര വിഭാഗമാകെ ഭീതിയിലാണ്. അതില്‍ മത ജാതി വ്യത്യാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാ നിയമങ്ങള്‍ കൊണ്ടുവരുമ്പോഴും ബിജെപിക്ക് രഹസ്യ അജണ്ടയുണ്ട്. വിവാഹപ്രായത്തിന്റെ കാര്യത്തിലും അജണ്ടയാണ് നടപ്പാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്ത്രീ ശാക്തീകരണം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അംഗീകരിക്കാനാവില്ല. കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ കൊണ്ടുവന്ന ബില്‍ വ്യക്തി സ്വാതന്ത്രത്തിന് എതിരാണ്. രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വികസന ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നില്‍. നിയമത്തിന് എതിരെ മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.