Friday, May 17, 2024
keralaNewsObituary

നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു .കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡും പിന്നാലെ ന്യുമോണിയയും ബാധിച്ച്‌ ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരവാസ്ഥയിലായിരുന്നു. 36 ദിവസത്തിലേറെയായി ശരണ്യ ആശുപത്രിയില്‍ കഴിയുകയാണെന്നും കീമോ തുടങ്ങിയതായും ശരണ്യയുടെ സുഹൃത്തും നടിയുമായ സീമ ജി നായര്‍ യു ട്യൂബ് വീഡിയോയില്‍ മുമ്പ്‌
പറഞ്ഞിരുന്നു. മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവായി റൂമിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. സിനിമാ- സീരിയല്‍ നടിയായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. നിരവധി തവണ ട്യൂമറിനെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് പൊരുതി തിരിച്ചുവന്ന ശരണ്യ നിരവധി പേര്‍ക്ക് മാതൃകയും പ്രചോദനവുമായിരുന്നു.

തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ – സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു.