Tuesday, April 30, 2024
indiakeralaNews

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് :ശശി തരൂര്‍ നാമനിര്‍ദേശകപത്രിക സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി :കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് പിന്തുണയോടെ സ്ഥാനാര്‍ഥിയാകും. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി . ഇന്ന് ഉച്ചയോടെ ശശി തരൂര്‍ നാമനിര്‍ദേശകപത്രിക സമര്‍പ്പിച്ചു. എന്നാല്‍, ഖര്‍ഗെ രംഗത്തുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയോട് കൂറുപുലര്‍ത്തുമെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ് പറഞ്ഞു. ഖാര്‍ഗെയെ വീട്ടിലെത്തി കണ്ടശേഷമാണ് ദിഗ്വിജയ് സിങ്ങിന്റെ പിന്മാറ്റം. പ്രമോദ് തിവാരി, പി.എല്‍.പുനിയ എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തി. എ.കെ.ആന്റണിയുടെ പിന്തുണയും ഖാര്‍ഗെയ്‌ക്കെന്നാണ് സൂചന.

രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും ഒപ്പോടെയാണ് ശശിതരൂര്‍ അഞ്ച് സെറ്റ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില് നിന്ന് എം.കെ.രാഘവന്‍, കെ.സി.അബു, ശബരീനാഥന്‍ അടക്കം 10 പേര്‍ ഒപ്പ് വച്ചിട്ടുണ്ട്. മല്‍സരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. പത്രിക പിന്‍വലിക്കാന്‍ തയാറായാല്‍ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയംഗമാക്കിയേക്കും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. ഇതിന്റ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടപ്പോള്‍ അവര്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘നിങ്ങള്‍ക്ക് മത്സരിക്കാന്‍ സ്വാഗതം’ എന്ന് സോണിയ തന്നോട് പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.