Sunday, May 19, 2024
keralaNews

കുസാറ്റിലെ ദുരന്തത്തില്‍ മരിച്ച ആല്‍ബിന്‍ ജോസഫിന്റെ കുടുംബം കടുത്ത കടബാധ്യതയില്‍…..

പാലക്കാട് മുണ്ടൂര്‍ കുസാറ്റിലെ ദുരന്തത്തില്‍ മരിച്ച ആല്‍ബിന്‍ ജോസഫിന്റെ കുടുംബം കടുത്ത കടബാധ്യതയിലെന്നു നാട്ടുകാര്‍. കേരള ബാങ്കില്‍ നിന്ന് ഉള്‍പ്പെടെ ഏതാനു ദിവസം മുന്‍പ് നോട്ടിസ് ലഭിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കുടുംബം വായ്പ എടുത്തത്. ഏകദേശം എട്ടു ലക്ഷം രൂപയോളം കടമുണ്ട്.ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നിട്ടില്ല. ഈ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള ശേഷി കുടുംബത്തിനില്ല. ആല്‍ബിന്റെ അച്ഛന്‍ ടാപ്പിങ് തൊഴിലാളിയാണ്. കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ ഒരു തവണ വിളിച്ചപ്പോള്‍ തൃശൂര്‍ എത്തിയെന്ന് പറഞ്ഞിരുന്നു. പിന്നെ വിളിച്ചിട്ടു കിട്ടിയില്ല. ദുരന്ത വാര്‍ത്ത കണ്ട് പിന്നീട് നിരന്തരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീടാണ് ഈ നാട്ടുകാരനാണ് മരിച്ചവരിലൊരാളെന്ന് അറിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകനായ ആല്‍ബിന്‍ ഇലക്ട്രീഷ്യനാണ്. ജോലിക്കായാണ് കൊച്ചിയിലെത്തിയത്. ഇന്നലെ രാവിലെയാണ് എറണാകുളത്ത് നഴ്‌സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്തെത്തിയത്.കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ടെക്‌ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ആല്‍ബിന്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്.