Sunday, May 12, 2024
keralaNews

വിഴിഞ്ഞത്ത് സ്റ്റേഷന്‍ ആക്രമണത്തില്‍ കേസെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുളള പ്രതിഷേധത്തിടെ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതില്‍ ഇന്ന് കേസെടുക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. സമരസമിതിയുടെ ആക്രമണത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്‌ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകെ 36 പൊലീസുകാര്‍ക്കാണ് പരിക്കുപറ്റിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ സന്ദര്‍ശിച്ചു. നാല് പൊലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രേഖകളുമാണ് പ്രതിഷേധക്കാര്‍ നശിപ്പിച്ചത്.കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ്സ്‌റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. സന്ധ്യയോടെ സ്റ്റേഷന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പിരിഞ്ഞുപോയവര്‍ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ സമരക്കാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്നു മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷം പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല. കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്. എഡിജിപിയും കളക്ടറും ഉള്‍പ്പടെസ്ഥലത്തെത്തി.സമരസമതി നേതാവ് ഫാ.യൂജിന്‍ പെരേരയെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. ആര്‍ച്ച് ബിഷപ്പിനെതിരെ പോലും കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കസ്റ്റഡിയിലെടുത്ത മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെല്‍റ്റനെ റിമാന്‍ഡും ചെയ്തു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ പൊലീസിനെതിരെ കെസിബിസിയും രംഗത്തെത്തി. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജനവികാരം മാനിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത് . വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിഷേധക്കാരില്‍നിന്നും നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.