Sunday, May 12, 2024
keralaNewspolitics

തപാല്‍ വോട്ട്: ആദ്യദിവസം 30,000

എണ്‍പതു വയസ്സു പിന്നിട്ടവര്‍, കോവിഡ് പോസിറ്റീവായും ക്വാറന്റീനിലും കഴിയുന്നവര്‍, അംഗപരിമിതര്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തിലേറെപ്പേര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്കുകള്‍. ആദ്യദിവസത്തെ കണക്കാണിത്. സംസ്ഥാനത്താകെ 4.02 ലക്ഷം ഇത്തരം വോട്ടര്‍മാര്‍ ഉണ്ടെന്നാണു കണക്ക്.ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയാണു തപാല്‍ വോട്ടിനു സൗകര്യമൊരുക്കുന്നത്. സത്യപ്രസ്താവനകളും തപാല്‍ വോട്ടുകളും പ്രത്യേക കവറുകളിലാക്കി ഒട്ടിച്ച ശേഷം വരണാധികാരികളുടെ ഓഫിസുകളിലെ സ്‌ട്രോങ് റൂമുകളിലാണു സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ ഓരോ ദിവസവും തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള നടപടികള്‍ വിഡിയോയില്‍ പകര്‍ത്തുന്നുണ്ട്.

ജീവനക്കാരുടെ വോട്ടിങ് തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള തപാല്‍ വോട്ടിങ്ങും ആരംഭിച്ചു. നാളെ വൈകിട്ട് 5ന് അവസാനിക്കും. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഹോം ഗാര്‍ഡ് തുടങ്ങിയവരാണു വോട്ട് ചെയ്യുന്നത്. 140 മണ്ഡലങ്ങളിലും സജ്ജീകരിച്ച പ്രത്യേക തപാല്‍ വോട്ടിങ് കേന്ദ്രങ്ങളിലാണു വോട്ടെടുപ്പ്.