Saturday, May 18, 2024
keralaNewspolitics

സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ചാല്‍ ഉടന്‍ പിടിവീഴും,സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല.മന്ത്രിസഭായോഗത്തില്‍ തീരുമാനം.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കുന്ന നടപടി ഇനിയില്ല. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിച്ചുവച്ചിരുന്നു. എന്നാല്‍, ഈ നടപടി ഇനി തുടരേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ശമ്പളത്തില്‍ നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചുനല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍വീസ് സംഘടനകള്‍ അടക്കം ഇതിനെതിരെ രംഗത്തെത്തി. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍ നടപടിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിനു അംഗീകാരം

സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി. നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പിഎസ്സി നിര്‍ദേശിച്ച ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ഥ്യമാകാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്കാണ് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക സംവരണം നിലവില്‍ വരൂ.

സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ചാല്‍ ഉടന്‍ പിടിവീഴും

വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് ഇനി ഉടന്‍ പിടിവീഴും. പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ ശക്തമായ വകുപ്പില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള തീരുമാനം. ഇതുവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ. ഇനി അത് മാറും. സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് ഇത്.

2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 അ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, അധിക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും.