Thursday, May 16, 2024
keralaNewsObituary

വീടിന് പുറത്തിറങ്ങിയ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: വീട്ടില്‍ കക്കൂസ് സൗകര്യം ഇല്ലാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വീടിന് പുറത്തേക്ക് ഇറങ്ങിയ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരിലെ ലക്ഷ്മണനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. കഴിഞ്ഞ കുറേ ദിവസമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. തുടര്‍ന്ന് വനം വകുപ്പ് സംഘം കാട്ടാനയെ തുരത്തിയിരുന്നു. കാട്ടാന തിരികെ പോയിരിക്കാമെന്നാണ് വനവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും കരുതിയിരുന്നത്. എന്നാല്‍ പ്രദേശത്ത് നിലയുറപ്പിച്ച ആന പുലര്‍ച്ചെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് ചുഴറ്റിയെടുത്ത് നിലത്തിട്ട് ചവിട്ടിക്കൊന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യമാണെന്ന് ഊരുനിവാസികള്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തുന്ന ആനകള്‍ കാട്ടിലേക്ക് കയറിപ്പോകുന്നില്ലെന്നും ഊരില്‍ നിന്ന് മാറി നില്‍ക്കുക മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയാല്‍ ഇവ തിരിച്ചുവരുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.