Saturday, April 27, 2024
keralaNews

കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍.

കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാന്‍ വക്കീലന്‍മാരെ ഇറക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു. കൊന്നാല്‍ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നല്‍കുന്ന ഉറപ്പ്. പ്രതിഷേധ സംഗമത്തിനിടെ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെയാണ് യുഡിഎഫ് പാനൂരില്‍ പ്രതിഷേധ സംഗമം നടത്തിയത്. പ്രതിപക്ഷ നേതാക്കള്‍ മന്‍സൂറിന്റെ വീടും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരന്‍, പാറക്കല്‍ അബ്ദുള്ള എന്നിവരടങ്ങിയ സംഘമാണ് പാനൂരിലെത്തി കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചത്. മന്‍സൂറിന്റെ കൊലപാതകത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.