Friday, May 17, 2024
keralaNewspolitics

സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തില്‍ മുഖ്യ സാക്ഷി മൊഴിമാറ്റി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തില്‍ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ചതെന്ന് മുഖ്യ സാക്ഷി പ്രശാന്ത് പറഞ്ഞിരുന്നു. ഈ മൊഴിയാണ് പ്രശാന്ത് തിരുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചും പോലീസും തന്നെ കൊണ്ട് നിര്‍ബന്ധിച്ച് സഹോദരന്റെ പേര് പറയിപ്പിക്കുകയായിരുന്നു എന്ന് അഡീ. മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രശാന്ത് വെളിപ്പെടുത്തി. നാലര വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി എന്നു പറഞ്ഞ് 2022 ജനുവരിയില്‍ ആത്മഹത്യ ചെയ്ത പ്രകാശിന്റെ പേര് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ, ഹോംസ്റ്റെ കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട് സന്ദീപാനന്ദഗിരിയും രംഗത്തു വന്നു. എന്നാല്‍ ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദഗിരിയുടെയും മറ്റൊരു നാടകമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി പറഞ്ഞതോടെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് വീണ്ടും തെളിയുകയാണ്. 2018 ഒക്ടോബര്‍ 27-നാണ് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന അന്നു മുതല്‍, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദഗിരിയുടെയും നാടകമാണെന്നും അവര്‍ തന്നെ ആസൂത്രണം ചെയ്ത് ഹോംസ്റ്റേ കത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.