Saturday, April 27, 2024
keralaNews

പൊന്നാനായില്‍ ഉയരുന്നു 128 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ്

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മനോഹര പാര്‍പ്പിട സമുച്ചയം പൊന്നാനിയില്‍ ഉയരുന്നു. പ്രവൃത്തി അവസാനഘട്ടത്തിലായ സമുച്ചയത്തിലേക്ക് 128 കുടുംബങ്ങള്‍ താമസം മാറും.പൊന്നാനി ഹാര്‍ബറില്‍ രണ്ടേക്കര്‍ സ്ഥലത്ത് 16 ബ്ലോക്കായാണ് നിര്‍മാണം. ഇരുനിലയിലുമായി ഒരു ബ്ലോക്കില്‍ എട്ട് വീടുകളുണ്ടാവും. 12.8 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.രണ്ട് ബെഡ് റൂം, ലിവിങ് റൂം, ഡൈനിങ് ഹാള്‍, ബാത്ത് റൂം എന്നിവയ്‌ക്കൊപ്പം കുട്ടികള്‍ക്ക് പഠിക്കാനുള്ള പ്രത്യേക സൗകര്യവും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാര്‍പ്പിട സമുച്ചയത്തിനോട് ചേര്‍ന്ന് സ്വയംതൊഴില്‍ കേന്ദ്രം, കോച്ചിങ് സെന്റര്‍, വായനശാല, ബാങ്ക് തുടങ്ങിയവുമായി കമ്യൂണിറ്റി യൂട്ടിലിറ്റി സെന്ററും രണ്ടാം ഘട്ടത്തില്‍ ഇവിടെ ആരംഭിക്കും.