Thursday, May 2, 2024
indiaNewspolitics

പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി

ദില്ലി: ഭരണഘടന രൂപമെടുത്ത പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട നല്‍കി പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തില്‍ അവസാന പ്രത്യേക സമ്മേളനം ചേര്‍ന്നു. വികാര നിര്‍ഭര നിമിഷമെന്ന് പ്രധാനമന്ത്രി പ്രത്യേക സമ്മേളനത്തിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നല്‍കിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാലായിരം നിയമങ്ങള്‍ ഈ മന്ദിരത്തില്‍ നിര്‍മ്മിച്ചു. ജമ്മു കാശ്മീര്‍ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിര്‍ശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മു കശ്മീര്‍ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിലെയും ലോക്‌സഭയിലെയും സ്പീക്കര്‍മാരുടെയും നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. സെന്‍ട്രല്‍ ഹാളില്‍ എത്തിയ ഉടന്‍ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങളോട് സംവദിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ തൊഴിലില്ലായ്മ, ജിഡിപിയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നിലപാടെടുത്തു. സമൂഹത്തില്‍ സൗഹൃദവും, സാഹോദര്യവും പുലരണമെന്നും അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.പുതിയ മന്ദിരം സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രതീകമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസര്‍ക്കാരിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍മ്മിക്കാനായല്ലോയെന്നായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞത്.