Thursday, May 9, 2024
keralaNewspoliticsUncategorized

സഭ തര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മാണമാണ് പ്രതിഷേധത്തിന് കാരണം

കൊച്ചി: സഭതര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു.        നിയമനിര്‍മ്മാണ നീക്കത്തിനെതിരെ വരുന്ന ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിച്ചും പ്രതിഷേധം രേഖപ്പെടുത്തും. കോട്ടയത്ത് ചേര്‍ന്ന സഭ സുന്നഹദോസിന്റെയും പ്രവര്‍ത്തക സമിതിയുടെയും സംയുക്ത യോഗത്തിലാണ് നിയമനിര്‍മ്മാണ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള തീരുമാനം സഭ കൈക്കൊണ്ടത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണോ ഇപ്പോള്‍ നടത്തുന്നത് എന്ന സംശയവും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ഉന്നയിച്ചു.